ന്യൂദൽഹി- കോവിഡ് ബാധിച്ച മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹത്തെ ആശുപത്രിയിൽ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു. ശുചിമുറിയിൽ പോകാൻ പോലും അധികൃതർ അനുവദിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. കാപ്പന്റെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴുള്ള ആശുപത്രിയിൽനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ഒരു കൈ ചങ്ങല കൊണ്ട് കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ്. മൂത്രം ഒഴിക്കാൻ കുപ്പിയാണ് നൽകിയിരിക്കുന്നത്. നല്ല പരിചരണം നൽകുന്നുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നുണ്ടെങ്കിലും കാപ്പൻ വീട്ടിലേക്ക് വിളിച്ചപ്പോൾ ഇക്കാര്യമെല്ലാം പറഞ്ഞെന്നും അദ്ദേഹത്തിന്റെ ഭാര്യ റെയ്ഹാനത്ത് വ്യക്തമാക്കി.
ഇന്ന് വൈകുന്നേരമാണ് കാപ്പൻ ആശുപത്രിയിൽ നിന്ന് ഭാര്യ റൈഹാനത്തിനെ ഫോണിൽ ബന്ധപ്പെട്ടത്. തന്നെ ആശുപത്രിയിൽ നിന്ന് എങ്ങനെയെങ്കിലും ഡിസ്ചാർജ്ജ് ചെയ്യിക്കണം എന്നാണ് കാപ്പൻ പറഞ്ഞത്. ബെഡിൽ നിന്ന് ബാത്ത് റൂമിലേക്ക് പോകാനുള്ള അനുവാദം പോലുമില്ല. നേരത്തെ വീഴ്ചയിൽ താടിയെല്ലിന് സാരമായി പരിക്കേറ്റത് കാരണം ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഭാര്യ വ്യക്തമാക്കി.