ന്യൂദല്‍ഹി- സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നത് പുര്‍ണമായും സൗജന്യമായി തന്നെ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ഡോസിന് 150 രൂപ നിരക്കിലാണ് വാക്സിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുന്നത്. ഇത് പൂര്‍ണമായും സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് തുടര്‍ന്നും വിതരണം ചെയ്യുമെന്ന് മുന്‍ കേന്ദ്ര മന്ത്രി ജയ്റാം രമേശ് ട്വിറ്ററില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 400 രൂപ നിരക്കായി നിശ്ചയിച്ചത് വിദേശ രാജ്യങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണെന്ന ചൂണ്ടിക്കാട്ടുന്ന വാര്‍ത്ത ട്വിറ്ററില്‍ ജയ്റാം രമേശ് ചൂണ്ടിക്കാട്ടിരുന്നു. 150 രൂപയ്ക്ക് വില്‍പ്പന നടത്തിയാലും ലാഭമുണ്ടെന്ന് കമ്പനി പറയുന്ന ഇന്ത്യയില്‍ നിര്‍മിച്ച വാക്സിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയോ എന്നും രമേശ് ചോദിച്ചു. മറ്റു രാജ്യങ്ങളിലെ വാക്സിന് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ വില വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.