തലശ്ശേരി- കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലെ തിയേറ്ററുകള്‍ അടയ്ക്കുന്നു. ഏപ്രില്‍ 30 മുതല്‍ തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കാഴ്ച്ചക്കാരില്ലാതെ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടിലാവുകയാണ്. പിന്‍വലിച്ച സിനിമകള്‍ തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കില്ലെന്നും പുതിയ ചിത്രങ്ങള്‍ ചിത്രീകരണം ആരംഭിക്കരുതെന്നും ഫിയോക്ക് നിര്‍ദ്ദേശിച്ചു. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം.
പുതിയ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കുകയും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീയറ്ററുകള്‍ തുറക്കേണ്ട എന്ന നിലപാടിലേക്ക് തീയറ്റര്‍ ഉടമകള്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയ തിയേറ്ററുകള്‍ കഴിഞ്ഞ ജനുവരിയിലായിരുന്നു തുറന്നത്. കോവിഡ് മൂലം പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് വരുവാന്‍ ഭയപ്പെടുന്നതിനാല്‍ തിയേറ്ററുകള്‍ അടയ്ക്കുക അല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ വ്യക്തമാക്കി.പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന പല സിനിമകളും പിന്‍വലിക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
'ജനങ്ങള്‍ പേടിച്ച് തിയേറ്ററിലേക്ക് വരാത്ത ഒരു സാഹചര്യം ഉണ്ടായി. അതിനു ശേഷം നല്ല കലക്ഷനിലേക്ക് വരുമെന്ന് കരുതിയ നല്ല റിപ്പോര്‍ട്ട് വന്ന ചില സിനിമകള്‍ പിന്‍വലിക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പലര്‍ക്കും രണ്ട് ഷോയൊക്കെ കിട്ടുന്നുള്ളു. പെട്ടെന്ന് തന്നെ ഇതൊക്കെ പഴയ സാഹചര്യത്തിലേക്ക് എത്തുമെന്ന് തോന്നുന്നില്ല', സിയാദ് കോക്കര്‍ പറഞ്ഞു. ഇത് ആരെയും വെല്ലുവിളിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ചതുര്‍മുഖം എന്ന തന്റെ പുതിയ ചിത്രം പിന്‍വലിക്കുന്നതായി നടി മഞ്ജു വാര്യര്‍ അറിയിച്ചിരുന്നു. ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണെന്നും എന്നാല്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട സഹചര്യത്തിലാണ് ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കേണ്ടി വരുന്നതെന്ന് മഞ്ജു പറഞ്ഞു. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം തിയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവരുമെന്നും നടി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം. നിലവില്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമകളും നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ്, മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം, പൃഥ്വിരാജ് നായകനാകുന്ന കടുവ തുടങ്ങിയവയുടെ ചിത്രീകരണവും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.