ന്യൂദല്‍ഹി- പ്രമുഖ ഇസ്ലാമിക പണ്ഡിതനും സെന്റര്‍ ഫോര്‍ പീസ് ആന്റ് സ്പിരിച്വാലിറ്റി ഇന്റര്‍നാഷണല്‍ സ്ഥാപകനുമായ മൗലാനാ വഹീദുദ്ദീന്‍ ഖാന് അന്തരിച്ചു.
ലോകത്ത് സ്വാധീനമുള്ള 500 മുസ്ലിം പണ്ഡിതന്മാരില് ഒരാളായ അദ്ദേഹത്തെ കഴിഞ്ഞ ജനുവരിയില്‍ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. 2000 ല്‍ പത്മഭൂഷണ്‍ സമ്മാനിച്ചിരുന്നു.
കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം ദല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. 96 വയസ്സായിരുന്നു.
ഈ മാസം 12 നാണ് വഹീദുദ്ദീന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
1925 ല്‍ അസംഗഢിലാണ് ജനനം. 1987 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ നേതൃപരമായ പങ്കുവഹിച്ചവരാണ് വഹീദുദ്ദീന്‍ ഖാന്റെ കുടുംബം.
വിശുദ്ധ ഖുര്‍ആന്റെ രണ്ട് വാള്യം വ്യാഖ്യാനത്തിനു പുറമെ, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സമാധാനപൂര്‍ണമായ സഹവര്തിത്വത്തിനും മതസൗഹാര്‍ദത്തിനും നിലകൊണ്ട ആദ്ദേഹം 1970 ദല്‍ഹിയില്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപിച്ചു. ആറു വര്‍ഷത്തിനുശേഷം അല്‍ രിസാല എന്ന പേരില്‍ മാഗസിന് പുറത്തിറക്കി.
മുസ്ലിം സമുദായത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഉണര്ത്തിക്കൊണ്ടുള്ള സ്വന്തം ലേഖനങ്ങളായിരുന്നു പ്രധാനമായും മാസികയുടെ ഉള്ളടക്കം. പിന്നീട് മാസിക ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം, മതങ്ങള്‍ തമ്മിലുള്ള സംവാദം, തുടങ്ങിയവയില്‍ കേന്ദ്രീകരിച്ച 200 ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
1992 ല്‍ മഹാരാഷ്ട്രയില്‍ സാമുദായിക സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്ന് ആചാര്യ മുനി സുശീല്‍ കുമാര്‍, സ്വാമി ചിദാനന്ദ് എന്നിവരോടപ്പം വഹീദുദ്ദീന്‍ ഖാന് നടത്തിയ ശാന്തിയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈ മുതല്‍ നാഗ്പൂര്‍ വരെ 35 സ്ഥലങ്ങളില്‍ അദ്ദേഹം പ്രസംഗിച്ചു.
മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയി, ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ബാബ് രി മസ്ജിന്മേലുള്ള അവകാശം മുസ്ലിംകള് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ ലഖ്നൗവില്‍ വാജ്പേയിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്തു.
2015 ല്‍ അബുദാബിയില്‍ സയ്യിദുനാ ഇമം അല്‍ ഹസന് ഇബ്നു അലി സമാധാന പുരസ്കാരം നല്കി.
വിജ്ഞാനവും സമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങളുമാണ് അദ്ദേഹത്തെ ആദരിക്കപ്പെടുന്ന പണ്ഡിതന്മാരില് ഒരാളാക്കിയതെന്ന് അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തിരുന്നു.