Sorry, you need to enable JavaScript to visit this website.

മുര്‍സിയോട് ചെയ്തത് മറക്കില്ലെങ്കിലും ഈജിപ്തുമായി ബന്ധം മെച്ചപ്പെടുത്തുമെന്ന് തുര്‍ക്കി

അങ്കാറ- മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര പ്രസ്ഥാനമാക്കയതിലും മുര്‍സിയോട് ചെയ്തതിലും  എതിര്‍പ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈജിപ്തുമായി ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി തുര്‍ക്കി.
ഈജിപ്ത് ബന്ധം സാധാരണനിലയിലാക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്ററി സൗഹൃദസംഘം രൂപീകരിക്കാനുള്ള നിര്‍ദേശം തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ ഭരണകക്ഷി മുന്നോട്ടുവെച്ചു.
തുര്‍ക്കിക്കും ഈജിപ്തിനുമിടയില്‍ സൗഹൃദ സംഘം രൂപീകരിക്കാനുള്ള പ്രമേയം പാര്‍ലമെന്റ് സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവ് ബുലന്ദ് തുറാന്‍ പറഞ്ഞു.

2013 ല്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ പട്ടാളം പുറത്താക്കിയതിനെ തുര്‍ന്ന് ഈജിപ്തും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ഈജിപ്ത് ഭീകരസംഘടനയായി പ്രഖ്യാപിച്ച മുസ്്‌ലിം ബ്രദര്‍ഹുഡുമായി നല്ല ബന്ധത്തിലായിരുന്നു ഉര്‍ദുഗാന്റെ എ.കെ. പാര്‍ട്ടി. ഈജിപ്തില്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ നിരവധി ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ തുര്‍ക്കിയിലാണ് അഭയം തേടിയത്.
ഈജിപ്തുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതായി കഴിഞ്ഞ മാസമാണ് തുര്‍ക്കി പ്രഖ്യാപിച്ചത്.
മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകരവാദികളായി പ്രഖ്യാപിച്ച ഈജിപ്ത് നടപടിയെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് തുര്‍ക്കി വിദേശമന്ത്രി മേവല്ത് കാവസോഗ്ലു പറഞ്ഞു. ബ്രദര്‍ഹുഡ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരാന്‍ ശ്രമിച്ച രാഷ്ട്രീയ സംഘടനയാണെന്നും ഭീകരപ്രസ്ഥാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്തിന്റെ ക്ഷണം അനുസരിച്ച് തുര്‍ക്കി പ്രതിനിധി സംഘത്തെ അയക്കുമെന്നും ഈജിപ്ത് വിദേശകാര്യമന്ത്രി സമീഹ് ശുക്‌റിയുമായി ചര്‍ച്ച നടത്തുമെന്നും തുര്‍ക്കി വിദേശമന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

 

Latest News