മീററ്റ്- രണ്ടു തവണ ലോക്സഭാ അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ സഹായിച്ചത് പേരിലെ ഗാന്ധി ആണെന്ന് ബിജെപി എം.പി വരുണ്‍ ഗാന്ധി. ഉന്നത സ്വാധീനമുള്ള അച്ഛന്മാരോ മുത്തശ്ശന്മാരോ ഇല്ലാത്ത യുവാക്കള്‍ക്ക് രാഷ്ട്രീയ പ്രവേശനവും സ്ഥാനമാനങ്ങളും പെട്ടെന്ന് ലഭിക്കുക പ്രയാസമാണെന്നും ഉത്തര്‍പ്രേദശിലെ മീററ്റില്‍ ഒരു സെമിനാറില്‍ സംസാരിക്കവെ വരുണ്‍ അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍പൂര്‍ എംപിയാണ് വരുണ്‍.
പേരില്‍ ഗാന്ധിയുള്ളത് കൊണ്ടാണ് എല്ലാവരും എന്നെ കേള്‍ക്കാനെത്തിയിരിക്കുന്നത്. പേരില്‍ ഗാന്ധി ഇല്ലായിരുന്നവെങ്കില്‍ ഇത്രയും ചെറിയ പ്രായത്തില്‍ എനിക്കു രണ്ടു തവണ എംപി ആകാന്‍ കഴിയുമായിരുന്നില്ല. നിങ്ങളെന്നെ കേള്‍ക്കാനും വരുമായിരുന്നില്ല- വരുണ്‍ പറഞ്ഞു.
സ്വാധീനമുള്ള അച്ഛന്മാരും ഗോഡ്ഫാദര്‍മാരും ഇല്ലാത്തതിന്റെ പേരില്‍ കഴിവുറ്റ പ്രതിഭകളായ നിരവധി യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരാന്‍ കഴിയാതെ പുറത്തിരിക്കുന്നു. എത്ര പ്രതിഭയും നേതൃപാടവം ഉണ്ടെങ്കിലും എളിയ പശ്ചാത്തലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പിന്താങ്ങാന് ആരെങ്കിലുമില്ലാതെ രാഷ്ട്രീയത്തിലേക്ക് വരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം അസമത്വം നിലനില്‍ക്കുകയാണെന്നും സമ്പന്നര്‍ കൊഴുക്കുകയാണെന്നും വരുണ്‍ പറഞ്ഞു. വെറും 25,000 വായ്പ എടുത്ത് തിരിച്ചടക്കാനാവാത്തതിന്റെ പേരില്‍ കര്‍ഷകരും സാധാരണക്കാരുമടക്കം 14 ലക്ഷോളം പേര് നമ്മുടെ രാജ്യത്ത് ജയിലിലായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ തിരിച്ചടക്കാത്ത സമ്പന്നര്‍ ആഢംബരത്തില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. തുല്യനീതി പുലരാതെ നാം സ്വപ്നം കാണുന്ന ഇന്ത്യ പുലരില്ലെന്നും രാജ്യത്തിന്റെ 60 ശതമാനം സമ്പത്തും ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.