ന്യൂദല്‍ഹി- കോവിഡ് വാക്സിന് എടുത്ത മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന് കോവിഡ് സ്ഥിരീകരിച്ചു. ദല്‍ഹി എയിംസ് ട്രോമ സെന്ററില്‍ ചികിത്സയിലാണ്. പനിയെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. ഫലം പോസിറ്റാവിയിരുന്നു. വൈകീട്ട് അഞ്ചോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് നാലിനും ഏപ്രില്‍ മൂന്നിനുമായി കോവിഡ് വാക്സിനായ കോവാക്സിന്റെ രണ്ട് ഡോസുകളും മന്മോഹന് സിങ് സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മുന്‍ പ്രധാനമന്ത്രി എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന് നിരവധി നേതാക്കള്‍ പ്രാര്‍ത്ഥനകള്‍ നേര്‍ന്നു.
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലും സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ശനിയാഴ്ച മന്മോഹന് സിങ് പങ്കെടുത്തിരുന്നു. തുടര്‍ന്ന് വാക്സിന് പ്രതിസന്ധി പരിഹരിക്കാനും വാക്സിന് ലഭ്യത ഉറപ്പാക്കും ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതുകയും ചെയ്തിരുന്നു.