വഡോദര- കോവിഡ് ബാധയും മരണങ്ങളും വര്‍ധിക്കുന്നതിനിടെ, ശ്മശാനങ്ങളിലേക്ക് മുസ്ലിം വളണ്ടിയര്വരുന്നതിനെതിരെ ബി.ജെ.പി നേതാക്കള്‍.
ഈ മാസം 16-ന് ബി.ജെ.പി നേതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഖാസ്വാഡി ശ്മശാനത്തില്‍ എത്തിയപ്പോള്‍ ഒരു മുസ്ലിം വളണ്ടിയറെ കണ്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഏതാനും ബി.ജെ.പി നേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചിരിക്കുന്നത്. അതേസമയം, പാര്‍ട്ടി ശാഖ ഉയര്‍ത്തിയ എതിര്‍പ്പിനെതിരെ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പല ബി.ജെ.പി നേതാക്കളും രംഗത്തുവന്നു.
സമുദായങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രശ്നമായി രമ്യമായി പരിഹരിക്കുമെന്നും മേയര്‍ കെയൂര്‍ റൊകാഡിയ പറഞ്ഞു.
ഏപ്രില്‍ 16ന് ഒരു പാര്‍ട്ടി നേതാവിന്റെ സംസ്കാര ചടങ്ങിനെത്തിയപ്പോഴാണ് ബി.ജെ.പി നേതാക്കള്‍ ശ്മശാനത്തില്‍ ഒരു മുസ്ലിമിനെ കണ്ടത്. ഇയാള്‍ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ചിതയിലേക്ക് വിറകും ചാണകക്കട്ടകളും തയാറാക്കുകയായിരുന്നു. സിറ്റി ബി.ജെ.പി പ്രസിഡന്റ് വിജയ് ഷാ അപ്പോള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും മുസ്ലിംകളെ ശ്മാശാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് വോഡദര മുനിസിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെടുകയും ചെയ്തു.
ശ്മശാനത്തില്‍ വിറകും ചാണകക്കട്ടകളും എത്തിക്കുന്ന കരാറുകാരന് മുസ്ലിമാണെന്നും ഇയാള്‍ കൂടുതല്‍ മുസ്ലിം യുവാക്കളെ ശ്മശാനത്തില്‍ ജോലിക്ക് നിയോഗിച്ചുവെന്നും ഡോ.വിജയ് ഷായെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സന്നദ്ധ പ്രവര്‍ത്തനം നല്ലതാണെങ്കിലും മതആചരങ്ങള് അറിയാത്തവര്‍ അതിനു വരുന്നത് സ്വാഗതം ചെയ്യാനാവില്ലെന്നും ഷാ പറഞ്ഞു. കരാറുകാരന് ശ്മശാനത്തിനകത്ത് കയറേണ്ടെന്നും വിറകും മറ്റും പുറത്ത് എത്തിച്ചാല്‍ മതിയെന്നും മുനിസിപ്പല്‍ കോര്‍പറേഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.
വ്രത മാസത്തില്‍ മുസ്ലിം സഹോദരന് തൊപ്പി ധരിച്ച് എത്തിയതാണ് പ്രശ്നമായതെന്ന് ഖാസ് വാഡി ശ്മശാനത്തിന്റെ മേല്നോട്ടക്കാരന് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപിച്ചതു മുതല്‍ ആയിരത്തോളം മൃതദേഹങ്ങള്‍ ഇവിടെ സംസ്കരിക്കുന്നതിന് മുസ്ലിം സഹോദരങ്ങള്‍ സഹായത്തിനുണ്ടായിരുന്നു. ഇവിടെ ആരും വരാത്തതു കൊണ്ടുതന്നെ അവരെ ആരും ചോദ്യം ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തിനുശേഷമാണ് ബി.ജെ.പി പ്രശ്നമാക്കുന്നതെന്നും ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് വരെ മറ്റു വളണ്ടിയര്മാരൊന്നും ശ്മശാനത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നുമുള്ള ചോദ്യത്തിന് അക്കാര്യം അറിയില്ലെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ മറുപടി. ഹിന്ദുക്കളുടെ അന്ത്യകര്‍മങ്ങള്‍ ഹിന്ദുക്കള്‍ തന്നെ നടത്തണമെന്നും അതിനായി വളണ്ടിയര്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.