വാട്‌സ്ആപ്പ് പിങ്ക് നിറത്തിലാക്കാമെന്നും പുതിയ സവിശേഷതകളുണ്ടെന്നും അവകാശപ്പെട്ട് ലഭിക്കുന്ന വൈറസ് ലിങ്കില്‍ കുടുങ്ങരുതെന്ന് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.
വാട്‌സ്ആപ്പില്‍ നിന്നുള്ള ഔദ്യോഗിക അപ്‌ഡേറ്റാണെന്ന് അവകാശപ്പെടുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഹാക്ക് ചെയ്യപ്പെടാമെന്നും ചിലപ്പോള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ തന്നെ സാധിക്കാതെ വരുമെന്നും വിദഗ്ധര്‍ പറയുന്നു.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈറസ് ലിങ്ക് വ്യാപകമായി പ്രചരിക്കുന്നുണ്ട്. #WhatsappPink എന്ന പേരിലുള്ള ഒരു ലിങ്കിലും ക്ലിക്കുചെയ്യരുതെന്നും ഫോണ്‍ തന്നെ ഉപയോഗിക്കാന്‍ പറ്റാതാകുമെന്നും സൈബര്‍ സുരക്ഷ വിദഗ്ധന്‍ രാജശേഖര്‍ രാജഹാരിയ സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പോസ്റ്റില്‍പറയുന്നു.
ഗൂഗിളിന്റെയോ ആപ്പിളിന്റെയോ ഔദ്യോഗിക ആപ്പ് സ്‌റ്റോറില്‍ ലഭ്യമായവയല്ലാതെ മറ്റേതെങ്കിലും എപികെയും മൊബൈല്‍ ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ വോയേജര്‍ ഇന്‍ഫോസെക് ഡയറക്ടര്‍ ജിറ്റന്‍ ജെയിന്‍ പറഞ്ഞു.
ഇത്തരം ആപ്ലിക്കേഷനുകള്‍ ഫോണില്‍നിന്ന് ഫോട്ടോകള്‍, എസ്എംഎസ്, കോണ്‍ടാക്റ്റ് തുടങ്ങിയ വ്യക്തിഗത ഡാറ്റ മോഷ്ടിക്കാനും ഉപയോഗിക്കാം. നിങ്ങള്‍ ടൈപ്പുചെയ്യുന്നതെല്ലാം ട്രാക്കുചെയ്യുന്നതിന് കീബോര്‍ഡ് അടിസ്ഥാനമാക്കിയുള്ള മാല്‍വെയറുകളും ഉപയോഗിക്കാം.
ബാങ്കിംഗ് പാസ്‌വേഡുകള്‍ കവരാനും ഇത് ഉപയോഗിക്കാം. പിങ്ക് വാടസ്ആപ്പ് , വാട്‌സ്ആപ്പ് ഗോള്‍ഡ് തുടങ്ങിയവയെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാജ സന്ദേശങ്ങളോടും ലിങ്കുകളോടും ഇമെയിലുകളോടും പ്രതികരിക്കുന്നതിനു മുമ്പ് രണ്ട് തവണ ആലോചിക്കണമെന്നാണ് വാട്‌സ്ആപ്പ് നല്‍കുന്ന നിര്‍ദേശം. സംശയാസ്പദ ലിങ്കുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും കോണ്‍ടാക്റ്റ് ബ്ലോക്ക് ചെയ്യാനും വാട്‌സാപ്പില്‍തന്നെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണം.