ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ പ്രതിഷേധ സമരം അട്ടിമറിച്ച് ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി സിഖ് പതാക ഉയര്‍ത്തിയ കേസിലെ മുഖ്യ പ്രതി നടന്‍ ദീപ് സിദ്ദുവിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നടനോട് ഉത്തരവിട്ടു. ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. പുറത്തിറങ്ങാനായി രണ്ടു പേരുടെ ആള്‍ജാമ്യവും സിദ്ദു ഹാജരാക്കണം.
കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയാണ് ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറി പതാക ഉയര്‍ത്തിയത്. സംഭവം കൈവിട്ടതോടെ സിദ്ദു മുങ്ങി. കര്‍ഷകരുടെ സമരം അട്ടിമറിക്കാനുള്ള ആസുത്രിത നീക്കമാണ് ദീപ് സിദ്ദുവും കൂടെയുള്ളവരും നടത്തിയതെന്ന് കര്‍ഷകരും വ്യക്തമാക്കിയിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി ഒമ്പതിനാണ് ദീപ് സിദ്ദുവിനെ ദലല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.