നോയിഡ-വെബ്‌സൈറ്റ് വഴി നടന്ന 3700 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പോലീസിലെ പ്രത്യേക ദൗത്യ സേനയാണ് അനുഭവ് മിത്തല്‍ (26), ശ്രീധര്‍ പ്രസാദ് (40), മഹേഷ് ദയാല്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ തട്ടിയെടുത്തതില്‍ 500 കോടി രൂപ വിവിധ ബാങ്കുകളില്‍നിന്നായി പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
സോഷ്യല്‍ട്രേഡ് എന്ന വെബ്‌സൈറ്റ് വഴിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് 5750 രൂപ മുതല്‍ 57,500 രൂപ വരെ നിക്ഷേപിച്ച് കമ്പനയില്‍ ചേരുന്നവര്‍ക്ക് മൊബൈലില്‍ ലഭിക്കുന്ന ലിങ്കിലുള്ള ഓരോ ക്ലിക്കിനും അഞ്ചു രൂപ വീതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. നോയിഡയില്‍ അബ്ലേസ് ഇന്‍ഫോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ റജിസ്റ്റര്‍ ചെയ്ത ഇവരുടെ വെബ് പോര്‍ട്ടല്‍ അടിക്കടി പേരുമാറ്റിയാണു പ്രവര്‍ത്തിച്ചിരുന്നത്. ആറര ലക്ഷം പേര്‍ തട്ടിപ്പില്‍ കുടുങ്ങിയെന്ന് പ്രത്യേക ദൗത്യ സേന എസ്പി ത്രിവേണി സിങ് പറഞ്ഞു.