ന്യൂദല്‍ഹി- തുറന്നതും സ്വതന്ത്രവുമായ ഇന്റര്‍നെറ്റ് ഉറപ്പുവരുത്തുന്ന 2015-ലെ സുപ്രധാന നിയമം പിന്‍വലിച്ചു കൊണ്ട് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (എഫ്.സി.സി) യുഎസിലെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ടു. ഇതു ലോകത്താകെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇത് ഇന്ത്യയിലും വന്നേക്കാമെന്ന ആശങ്കയും ശക്തമായി.
അമേരിക്കയിലെ മുന്‍നിര ഇന്റര്‍നെറ്റ് സേവന കമ്പനികളായ എടി ആന്റ് ടി, കോംകാസ്റ്റ്, വെരിസോണ്‍ തുടങ്ങിയ ഭീമന്‍മാര്‍ വലിയ നേട്ടമുണ്ടാക്കുന്ന തരത്തിലാണ് എഫ്.സി.സിയുടെ പ്രഖ്യാപനം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുകൂലിയായ ഇന്ത്യന്‍ വശംജ അജിത് പൈ ആണ് എഫ്.സി.സി മേധാവി.
നിയന്ത്രണങ്ങളില്ലാതെ ഏതു തരത്തിലുമുള്ള ഇന്റര്‍നെറ്റ് ഉള്ളടക്കം സ്വീകരിക്കാനും നല്‍കാനുമുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ നീക്കത്തിനെതിരെ വിവിധ അവകാശ സംഘടനകള്‍ നിയമ പോരാട്ടം തുടങ്ങാനിരിക്കുകയാണ്.
അമേരിക്കയില്‍ പൂര്‍ണ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ഉറപ്പുവരുത്തന്ന സുപ്രധാന നിയമം 2015-ല്‍ ഒബാമ ഭരണകൂടമാണ് കൊണ്ടു വന്നത്. ഇന്റര്‍നെറ്റ് വേഗത നിയന്ത്രിക്കാനും ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യാനും, പണം നല്‍കുന്ന ചില വെബ്സൈറ്റുകള്‍ക്കു വേണ്ടി മാത്രം വേഗത വര്‍ധിപ്പിച്ചു കൊടുക്കുന്നതുമെല്ലാം നിയമപരമായി വിലക്കുന്ന നിയമമായിരുന്നു ഇത്. ഇന്റര്‍നെറ്റ് സേനവദാതാക്കളായിരുന്നു ഈ സ്വാതന്ത്ര്യത്തിന്റെ എക്കാലത്തേയും എതിരാളികള്‍.
മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഇത്തരം നിയന്ത്രണങ്ങളോടെയുള്ള ഇന്റര്‍നെറ്റ് സേവനം അവതരിപ്പിക്കാന്‍ ശ്രമിച്ചത് രാജ്യമൊട്ടാകെ വലിയ പ്രതിഷേധത്തിനിടയാക്കുകയും ഒടുവില്‍ അവര്‍ പിന്മാറുകയും ചെയ്തിരുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുജനങ്ങളുടെ അഭിപ്രായം മാനിച്ചായിരുന്നു ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വാദം തള്ളി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെ പിന്താങ്ങിയത്.