ന്യുദല്‍ഹി- വിവാഹ മോചന തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസിനു മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയുടെ വിവാഹം സുപ്രീം കോടതി അസാധുവാക്കി. ഉഭയസമ്മത പ്രകാരം കുടുംബ കോടതിയില്‍ യുവതിയും ഭര്‍ത്താവും വിവാഹ മോചന അപേക്ഷ നല്‍കുകയും പിന്നീട് യുവതി സമ്മതം പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിവാഹ മോചനം തേടി മൂന്ന് വര്‍ഷത്തോളമായി നിയമ പോരാട്ടത്തിലായിരുന്നു.
ഭര്‍ത്താവിന്റെ ഹരജി സംബന്ധിച്ച് കോടതി നേരത്തെ യുവതിയുടെ മറുപടി പലതവണ തേടിയിരുന്നെങ്കിലും അവര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് ഭരണഘടനാ അനുച്ഛേദം 142 പ്രകാരം കോടതി അസാധാരണ അധികാരം ഉപയോഗിച്ച് യുവതിയുടെ വാദം കേള്‍ക്കാതെ തന്നെ വിവാഹം അസാധുവാക്കി ഉത്തരവിട്ടത്.
ഭര്‍ത്താവിന്റെ വിവാഹ മോചന ഹരജിയില്‍ കോടതി അയച്ച നോട്ടീസിനു ഭാര്യ മറുപടി നല്‍കിയില്ലെങ്കില്‍ ഭാര്യയുടെ വാദം കേള്‍ക്കാതെ തന്നെ കോടതിക്ക് വിവാഹം അസാധുവാക്കാനുള്ള അധികാരമുണ്ട്. വിവാഹം ബന്ധം തുടര്‍ന്നു പോകാന്‍ യുവതിക്കു താല്പര്യമില്ലെന്നാണ് കോടതിക്കു മനസ്സിലാകുന്നതെന്ന് ജസ്റ്റിസുമാരായ ആര് കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സപ്റെ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
2013-ല്‍ വിവാഹിതരായ ദമ്പതികള്‍ താമസിയാതെ തന്നെ വേര്‍പിരിയുകയും വിവാഹമോചനം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി കുടുംബ കോടതിയില്‍ സംയുക്ത അപേക്ഷയും നല്കി. എന്നാല്‍ യുവതി സമ്മതം പിന്‍വലിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഭാര്യയുടെ സമ്മതമില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹം മോചനം അനുവദിച്ചില്ല. തുടര്‍ന്നാണ് ഇദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്.
ഹരജി സ്വീകരിച്ച സുപ്രീം കോടതി മറുപടി തേടി യുവതിക്ക് നോട്ടീസ് അയച്ചിരുന്നു. യുവതിയോ അഭിഭാഷകനോ ഹാജരാക്കത്തിനെ തുടര്‍ന്ന് 18 തവണ കോടതി വാദം കേള്‍ക്കള്‍ മാറ്റിവെച്ചു. ഒടുവില്‍ വ്യാഴാഴ്ചയാണ് കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് വിവാഹം ബന്ധം അസാധുവാക്കി ഉത്തരവിട്ടത്.