സാധാരണക്കാരായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കാര്‍ വാങ്ങാന്‍ തയാറെടുക്കുമ്പോള്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കാണ് മുന്‍ഗണന. ഒന്ന് മികച്ച ഇന്ധന ക്ഷമത, രണ്ട് താങ്ങാവുന്ന വില. ഒപ്പം അത്യാവശ്യം ഫീച്ചേഴ്‌സും വേണമെന്നായിരിക്കുന്നു ഇപ്പോള്‍. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് ഇപ്പോള്‍ പ്രിയം കൂടിയിരിക്കുന്നു. ഒരു കാലത്ത് താങ്ങാനാവത്ത വിലയായിരുന്നു ഓട്ടോമാറ്റിക് കാറുകള്‍ക്കെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. 10 ലക്ഷം രൂപയില്‍ (എക്‌സ് ഷോറൂം) താഴെ വിലയുള്ള, മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന അഞ്ചു പെട്രോള്‍ ഓട്ടോമാറ്റിക് കാറുകളെ അറിയാം.
1. മാരുതി സുസുക്കി ഡിസയര്‍
ഓട്ടോമാറ്റിക് പെട്രോള്‍ കാറുകളില്‍ ഏറ്റവും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന കാറാണ് ഡിസയര്‍. പരിഷ്‌ക്കരിച്ച കെ-സീരീസ് ബിഎസ്6 പെട്രോള്‍ എഞ്ചിനുമായി ഈ സബ്‌കോംപാക്ട് സെഡാന്‍ കഴിഞ്ഞ വര്‍ഷമാണ് എത്തിയത്. 5 സ്പീഡ് മാന്വല്‍, എ.എം.ടി വേരിയന്റുകളില്‍ ലഭ്യം. കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് 24.1 കിലോമീറ്റര്‍. വില 7.41 - 8.90 ലക്ഷം രൂപ.
2. മാരുതി സുസുക്കി സ്വിഫ്റ്റ്
ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ പരിഷ്‌ക്കരിച്ച പതിപ്പ് ഫെബ്രുവരിയിലാണ് നിരത്തിലിറങ്ങിയത്. മുന്‍ഗാമിയേക്കാള്‍ മികച്ച ഇന്ധന ക്ഷമതയുണ്ടിതിന്. എ.എം.ടി വേരിയന്റില്‍ 23.76 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്വിഫ്റ്റ് എ.എം.ടി വില 6.68 ലക്ഷം രൂപ മുതല്‍ 8.27 ലക്ഷം രൂപ വരെയാണ്.
3. റെനോ ക്വിഡ്
ഫ്രഞ്ച് അവതാരമായ റെനോ ക്വിഡ് ഇന്ത്യന്‍ വിപണിയിലെത്തിയതു മുതല്‍ ഏവരുടേയും ശ്രദ്ധാ കേന്ദ്രമാണ്. എന്‍ട്രി ലെവല്‍ കാറില്‍ എ.എം.ടി പതിപ്പ് എന്ന പുതുമ അവതരിപ്പിച്ച് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കിയതാണ് റെനോയ്ക്ക് നേട്ടമായത്. ഈ കാറിന്റെ 5 സ്പീഡ് എ.എം.ടി അല്ലെങ്കില്‍ ഈസി ആര്‍ വേരിയന്റിന് 22 കിലോമീറ്റര്‍ ആണ് കമ്പനി പറയുന്ന മൈലേജ്. വില 4.80 ലക്ഷം രൂപ മുതല്‍ 5.39 ലക്ഷം രൂപ വരെ.
4. മാരുതി സുസുക്കി എസ്-പ്രസോ
ഒരു കൊച്ചു എസ് യു വിയുടെ രൂപഭാവത്തില്‍ മാരുതി രംഗത്തിറക്കിയ എസ്-പ്രസോയും മോശക്കാരനല്ല. വിപണിയിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വില്‍പ്പന ഒരു ലക്ഷത്തോടടുത്തിരിക്കുകയാണ്. എസ്-പ്രസോ എ.എം.ടി വേരിയന്റിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലജ് 21.7 കിലോമീറ്ററാണ്. വില 4.82 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.
5. മാരുതി സുസുക്കി സെലീറിയോ
ഇന്ത്യയില്‍ ആദ്യമായി ഒരു ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്) സംവിധാനവുമായി നിരത്തിലിറങ്ങിയ കാറാണ് സെലീറിയോ. ഈ ഹാച്ച്ബാക്കിന് രണ്ട് എ.എം.ടി വേരിയന്റുകളുണ്ട്. കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് 21.63 കിലോമീറ്റര്‍. വിഎക്‌ഐ എ.എം.ടിക്ക് വില 5.42 ലക്ഷം രൂപയും സിഎക്‌സ്‌ഐ എ.എം.ടി വേരിയന്റിന് 5.70 ലക്ഷം രൂപയുമാണ് വില.
(പരാമര്‍ശിച്ചത് ദല്‍ഹി എക്‌സ് ഷോറൂം വില)