Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മീര ജാസ്മിന്‍ തിരിച്ചെത്തുന്നു, സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ

കൊച്ചി- ഏറെക്കാലത്തെ ഇടവേളക്ക് ശേഷം നടി മീരാ ജാസ്മിന്‍ തിരിച്ചെത്തുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. ജയറാം നായകനാകുന്ന ചിത്രത്തിലാണ് മീര ജാസ്മിന്‍ നായിക. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക, സഞ്ജയ്, ശ്രീനിവാസന്‍, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകും. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ചിന്താവിഷ്ടയായ ശ്യാമളക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശൂര്‍ റീജണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു - 'ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.'
എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.
ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു - 'ഈ കഥ, നിങ്ങളുടെ ജീവിതത്തില്‍നിന്നു ഞാന്‍ മോഷ്ടിച്ചതാണ്.'
അമ്പരപ്പു മാറി സദസ്സില്‍ നീണ്ട കരഘോഷം ഉയര്‍ന്നു.
ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണ്.
ഇതാ - ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.

ജയറാമാണ് നായകന്‍. മീര ജാസ്മിന്‍ നായികയാകുന്നു. ഒപ്പം 'ഞാന്‍ പ്രകാശനില്‍' ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.

'ഒരു ഇന്ത്യന്‍ പ്രണയകഥ'യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ 'ആരാധികേ' എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്.

പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിര്‍വ്വഹിക്കും. 'ഞാന്‍ പ്രകാശനിലേത്' പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോര്‍ഡ് ചെയ്യുന്നത്. അനില്‍ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മോമി, പാണ്ഡ്യന്‍,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും.
സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാല്‍ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം.
എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു.

 

Latest News