Sorry, you need to enable JavaScript to visit this website.

നിസ്സഹായരുടെ അതിജീവനങ്ങള്‍

അല്‍ബേനിയന്‍ ചിത്രമായ ഡേ ബ്രേക്കും മറാത്ത ചിത്രമായ കച്ചാച്ച ലിമ്പുവും അന്വേഷിക്കുന്നത് നിസ്സഹായരായ മനുഷ്യരുടെ മനോനിലയാണ്.

തിരുവനന്തപുരം- മുന്നോട്ടുള്ള ജീവിതം വഴിമുട്ടുമ്പോള്‍, മനുഷ്യ മനസ്സുകളില്‍ എങ്ങനെ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു എന്ന അന്വേഷണമാണ് തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച അല്‍ബേനിയന്‍ ചിത്രമായ ഡേ ബ്രേക്കും മറാത്തി ചിത്രമായ കച്ചാച്ച ലിമ്പുവും.

http://malayalamnewsdaily.com/sites/default/files/filefield_paths/iffk-2017.jpg
മൂന്നു മാസമായി വാടക കൊടുക്കാത്തതിനാല്‍ ഒരു വയസ്സുള്ള മകനുമായി വീട്ടില്‍നിന്ന് പുറത്താക്കപ്പെടുകയാണ് ലെറ്റ  എന്ന നഴ്‌സ്. അതോടെ താന്‍ പരിചരിക്കുന്ന മരണാസന്നയായി കിടക്കുന്ന സോഫിയുടെ വീട്ടിലായി ഇവരുടെ താമസം. ഏതു സമയത്തും സോഫി മരണപ്പെട്ടാല്‍ അതോടെ താന്‍ വീടിനു പുറത്താകുമെന്നത് ലെറ്റയെ ആശങ്കയിലാഴ്ത്തുകയാണ്. ഇതു മറികടക്കുവാനുള്ള വഴിയെക്കുറിച്ച് ആലോചിച്ച് ലെറ്റ കണ്ടെത്തിയ വിദ്യയാണ് മരണപ്പെട്ട സോഫിയെ ആരുമറിയാതെ വീടിനുള്ളില്‍ തന്നെ കുഴിച്ചുമൂടുകയെന്നത്.
ഇതു ചെയ്യുന്നതോടെ ലെറ്റക്ക് സോഫിയുടെ മാസത്തിലുള്ള 140 യൂറോയുടെ പെന്‍ഷന്‍ ഉപയോഗിക്കാന്‍ കിട്ടുന്നു. കൂടാതെ സോഫിയുടെ മകള്‍ ഫ്രാന്‍സില്‍നിന്നയക്കുന്ന പണവും സോഫിയുടെ കൈയിലേക്ക് വരും. ഇതിനായി വീട്ടിലെത്തുന്ന പോസ്റ്റുമാനെ അവള്‍ ആദ്യം തന്നെ കൈവെള്ളയിലാക്കുന്നു. അയാളോടൊപ്പം കിടക്ക പങ്കിടുന്നതോടെ അയാള്‍ സോഫി ഇപ്പോള്‍ അവരുടെ വീട്ടിലില്ല എന്ന വിവരം പുറത്തു പറയുന്നില്ല. പെന്‍ഷന്‍ ലെറ്റക്ക് കൈമാറുകയുമാണ്. എന്നാല്‍ പല നാള്‍ കള്ളന്‍  ഒരു നാള്‍ പിടിയില്‍ എന്നതുപോലെ അവസാനം പോസ്റ്റുമാന്‍ സോഫി വീട്ടിലില്ലെന്ന കാര്യം പോലീസിനോട് പറയുന്നു. പോലീസെത്തി പരിശോധന നടത്തുകയും ഇടയ്ക്ക് വീട്ടിലുണ്ടാക്കിയ മതില്‍ പൊളിക്കുകയും ചെയ്യുന്നതോടെ സിനിമ അവസാനിക്കുകയാണ്.
ഒരു കുറ്റാന്വേഷണ സിനിമയിലേതു പോലെ ആവേശം വിതറിയുള്ള സീനുകളിലൂടെയല്ല, ഇവിടെ ലെറ്റ ഇതു ചെയ്യുന്നത്. മറിച്ച് മറ്റൊരു വഴിയൊന്നുമില്ലാതെയുള്ള നിസ്സാഹായാവസ്ഥയില്‍നിന്നാണ്. പതുക്കെ ബഹളമുണ്ടാക്കാത്ത ഷോട്ടുകളിലൂടെ ഇക്കാര്യം കാഴ്ചക്കാരന്റെയും മനസ്സിലേക്കെത്തുന്നുണ്ട്. സിനിമയുടെ അവസാന രംഗത്ത് പോലീസ് വന്ന് പരിശോധന നടത്തുമ്പോഴും പ്രേക്ഷകരൊന്നാകെ നിസ്സഹായയായ ഒരു സ്ത്രീയുടെ ഗതികേടികേടില്‍നിന്നുള്ള ഈ നീക്കത്തെയായിരിക്കും ഒരു പക്ഷേ അംഗീകരിക്കുക. അങ്ങനെ ഒരു പൂര്‍ണ സ്ത്രീപക്ഷ സിനിമ കൂടിയായി മാറുകയായിരുന്നു ഡേ ബ്രേക്ക്. സ്വന്തം കുഞ്ഞിന് നല്‍കുവാന്‍ മുലപ്പാല്‍ പോലും കിട്ടാത്ത രംഗമടക്കമുള്ളവ ഇതിന് അടിവരയിടുകയാണ്. 90 ാമത് അക്കാദമി അവാര്‍ഡിലേക്കുള്ള അല്‍ബേനിയയുടെ നോമിനേഷന്‍ കൂടിയായിരുന്നു ഈ സിനിമ. ലെറ്റയെ അവതരിപ്പിച്ച ഒര്‍നെലാ കാപ്‌റ്റേനിക്ക് സരയേവു ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
ജയവന്ത് ദാല്‍വിയുടെ മറാത്തി നോവലിന്റെ ചലച്ചിത്ര രൂപമായ കച്ചാച്ച ലിമ്പു, സമാനമായ നിസ്സഹായാവസ്ഥയില്‍ ബുദ്ധി വളര്‍ച്ചയില്ലാത്ത സ്വന്തം മകന് വിഷം കൊടുത്തു കൊല്ലാന്‍ മുതിരുന്ന അച്ഛന്റെ കഥയാണ്. സ്വന്തം അമ്മയെ ലൈംഗിക തൃഷ്ണക്കായി കടന്നുപിടിക്കുവാന്‍ മകന്‍ ശ്രമിക്കുമ്പോഴാണ് അച്ഛനായ മോഹന്‍ കട്ദാരെ ഇതിനു മുതിരുന്നത്. എന്നാല്‍ തന്റെ സ്വന്തം സുഹൃത്തിന്റെ മരണ വിവരം ഈ സമയത്ത് അറിഞ്ഞതോടെ ഇയാള്‍ മകനെ കൊല്ലുന്നതില്‍ നിന്ന് പിന്‍തിരിയുന്നു. ആറ്റുനോറ്റുണ്ടായ ഏക മകനെ എങ്ങനെയാണ് സ്‌നേഹനിധിയായ ഒരച്ഛന്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നതെന്ന് കാണിച്ചു തരികയാണ് ഈ സിനിമ. നിസ്സഹായാവസ്ഥയില്‍നിന്ന് ഇദ്ദേഹത്തിന്റെ മനോനില എങ്ങനെ മാറിവരുന്നുവെന്നുള്ളതാണ് പ്രസാദ് ഒ.കെ എന്ന സംവിധായകന്‍ അന്വേഷിക്കുന്നത്.

 

Latest News