കൊച്ചി- അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്മലയാള ചിത്രമായ 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കി. വളരെ വ്യത്യസ്തമായ രീതിയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. അപര്‍ണ ബലമുരളിയുടെ മുഖത്തിന്റെ ഒരു വശം കണ്ണുനീര്‍ തുള്ളികള്‍ ഒഴുകി ദുഃഖപൂര്‍ണ്ണവും മറുവശം ചിത്രശലഭങ്ങളും പൂവിതളുകള്‍ നിറഞ്ഞ് പ്രകാശഭരിതവുമാണ്. 'കല്‍ക്കി' ഫെയിം പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന 'ഉല' സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ തമിഴിലും മലയാളത്തിലും നിര്‍മ്മിക്കുന്നു. കല്‍ക്കി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഉല'യ്ക്കുണ്ട്. പ്രവീണ്‍ പ്രഭാറാം, സുജിന്‍ സുജാതന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'ഉല'. ചിത്രീകരണം മെയ് അവസാനം വാരം ആരംഭിക്കും.സൂര്യ നായകനായെത്തിയ സുരറൈ പോട്രാണ് അപര്‍ണയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഓസ്‌കാര്‍ മത്സരത്തിലും ഗോള്‍ഡന്‍ ഗ്ലോബ്‌സിലും ഉള്‍പ്പടെ സ്ഥാനം നേടാന്‍ സുരറൈ പോട്രുവിന് സാധിച്ചിരുന്നു.