തിരുവനന്തപുരം- കോവിഡ് പലരീതിയിലാണ് ആളുകളെ ബാധിക്കുന്നത്. കാര്യമായ പ്രയാസങ്ങള്‍ ഏല്‍പ്പിക്കാതെ ചിലര്‍ക്ക് രോഗം വന്നുപോകുന്നുവെങ്കില്‍ ചിലര്‍ക്ക് കാര്യമായ പ്രയാസങ്ങളും രോഗം സൃഷ്ടിക്കുന്നുണ്ട്. നടന്‍ മണിയന്‍പിള്ള രാജുവിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ശബ്ദവും നഷ്ടമായിരുന്നു. ഇപ്പോള്‍ താരത്തിനു ശബ്ദം തിരിച്ചുകിട്ടി.
ഫെബ്രുവരി 26ന് കൊച്ചിയില്‍ ഒരു പാട്ട് റെക്കോര്‍ഡിങിന്റെ ഇടയിലാണ് താരം രോഗബാധിതനാകുന്നത്. കൂടെയുണ്ടായിരുന്ന മന്ത്രി ഗണേഷ്‌കുമാറിന് കോവിഡ് സ്ഥിരീകരിച്ച് രണ്ട് ദിവസത്തിന് ശേഷം മണിയന്‍പിള്ള രാജുവിനും തലവേദനയും ചുമയും തുടങ്ങി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ന്യുമോണിയ ബാധിച്ചതോടെ ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്നാണ് താരത്തിന്റെ ശബ്ദം നഷ്ടപ്പെട്ടത്. 18 ദിവസത്തെ ആശുപതിവാസത്തിന് ശേഷം കഴിഞ്ഞ മാസം 25നാണ് രാജു വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ 70 ശതമാനം ശബ്ദം തിരിച്ചുകിട്ടിയിട്ടുണ്ട്. വിശ്രമം പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ വീണ്ടും സജീവമാകും.