തലശേരി-തുടര്‍ച്ചയായി ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ ഫഹദ് ഫാസിലിനു താക്കീതുമായി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ വിലക്കുമെന്നാണ് ഫിയോക്ക് സമിതിയുടെ ഭീഷണി . ഇനി ഒടിടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നല്‍കി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.
ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു നിലപാടില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടിടി ചത്രങ്ങള്‍ മാത്രമായി അഭിനയിക്കുകയില്ല എന്ന് ഫഹദ് ഉറപ്പ് നല്‍കില്ല എന്ന് ഫഹദ് പറഞ്ഞതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.കഴിഞ്ഞ ദിവസങ്ങളിലായി ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോള്‍ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.