ന്യൂദല്‍ഹി- കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ മോഡി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇന്ത്യയില്‍ വാക്സിന് ക്ഷാമം ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യയിലെ വാക്സിനേഷന് പദ്ധതിയില്‍ ശ്രദ്ധനല്‍കാതെ വാക്സിന് കയറ്റുമതി ചെയ്യാനും മറ്റു രാജ്യങ്ങള്‍ക്ക് സമ്മാനം നല്‍കാനും തുനിഞ്ഞതാണ് സാഹചര്യങ്ങളെ വഷളാക്കിയതെന്ന് അവര്‍ ആരോപിച്ചു. പ്രഥമമായും ഇന്ത്യയിലെ വാക്സിനേഷന് പദ്ധതിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. എല്ലാ നിയമങ്ങളും കോവിഡ് ചട്ടങ്ങളും പാലിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെ പെരുമാറുകയാണ് ചെയ്യേണ്ടത്- അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തു. കോവിഡ് കേസുകളുടെ എണ്ണത്തിലും മരണ സംഖ്യയിലും ടെസ്റ്റുകളുടെ എണ്ണത്തിലും സുതാര്യത വേണം. കോണ്‍ഗ്രസ് ഭരിക്കുന്നതും അല്ലാത്തതുമായ എല്ലാ സംസ്ഥാനങ്ങളിലും ഇതാവശ്യമാണെന്നും സോണി പറഞ്ഞു.
സംസ്ഥാനങ്ങളിലെ ശരിയായ കണക്കുകള്‍ സര്‍ക്കാരുകള്‍ വെളിപ്പെടുത്തണം. കോവിഡ് ടെസ്റ്റുകള്‍ക്കും രോഗികകളെ കണ്ടെത്തുന്നതിനും വാക്സിന് വിതരണത്തിനും മുന്‍ഗണന നല്‍കണമെന്ന് സോണിയ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.