കൊടുങ്ങല്ലൂര്‍- തെരഞ്ഞെടുപ്പിന് പിന്നാലെ പാനൂരിലുണ്ടായ സംഘര്‍ഷത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനവും പരിഹാസവുമായി നടന്‍ സിദ്ദിഖ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അണികള്‍ക്ക് മാത്രമായി സംവരണം ചെയ്തതാണ്. കോവിഡ് പക്ഷേ അങ്ങനെയല്ല ,നേതാക്കള്‍ക്ക് അതില്‍ പരിരക്ഷയില്ല എന്നായിരുന്നു സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് ബാധിച്ചിരുന്നു. ഇതേദിവസം തന്നെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് രാഷ്ട്രീയകൊലപാതകത്തിന്റെ ഇരകള്‍ എന്നും അണികള്‍ മാത്രമായിരിക്കുമെന്നും എന്നാല്‍ കോവിഡിന് നേതാക്കളെന്നും പ്രവര്‍ത്തകരെന്നും വ്യത്യാസമില്ലെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് പോസ്റ്റിട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് പിണറായി വിജയന്‍. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.
വോട്ടെടുപ്പ് കഴിഞ്ഞ രാത്രിയാണ് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലചെയ്യപ്പെടുന്നത്. മന്‍സൂറിന്റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയി ബോംബെറിഞ്ഞു വെട്ടിക്കൊല്ലുകയായിരുന്നു.ഡി.വൈ.എഫ്.ഐ നേതാവ് കെ. സുഹൈല്‍ ആണ് മുഖ്യ ആസൂത്രകനെന്നും 25 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.