ചെന്നൈ- രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന മുന്‍കരുതല്‍ നടപടികള്‍ക്ക് പിന്തുണ നല്‍കി തലൈവി സിനിമയുടം തിയേറ്ററുകളിലെ റീലീസ് നീട്ടുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
ജയലളിതയായി കങ്കണ റണാവത്ത് വേഷമിടുന്ന ജീവചരിത്ര ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കയാണ്.
തലൈവി ട്രെയിലറിനോട് ജനങ്ങള്‍ കാണിച്ച പ്രതികരണം അതിശയകരമാണെന്നും നിരുപാധികമായ സ്‌നേഹത്തിന് അങ്ങേയറ്റം നന്ദിയുള്ളവരാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
ഒരു ടീം എന്ന നിലയില്‍, ഈ സിനിമ നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞതും എന്നാല്‍ ശ്രദ്ധേയവുമായ യാത്രയില്‍ ഞങ്ങളെ പിന്തുണച്ച എല്ലാ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു.
ഒന്നിലധികം ഭാഷകളില്‍ സിനിമ നിര്‍മ്മിച്ചതിനാല്‍, ഒരേ ദിവസം എല്ലാ ഭാഷകളിലും റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
എന്നാല്‍ കോവിഡ് 19 കേസുകളില്‍ വന്‍വര്‍ധനയും തുടര്‍ന്ന് മുന്‍കരുതലുകളും ലോക്ക്ഡൗണുകളും രാജ്യം അഭിമുഖീകരിക്കുകയാണ്.
ഏപ്രില്‍ 23 ന് സിനിമ റിലീസിന് തയ്യാറാണെങ്കിലും സര്‍ക്കാര്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എല്ലാ പിന്തുണയും നല്‍കുന്നതിന് തലൈവിയുടെ റിലീസ് മാറ്റിവെക്കുകയാണ്.
റിലീസ് തീയതി മാറ്റിയാലും നിങ്ങളില്‍ നിന്നുള്ള സ്‌നേഹം തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും സുരക്ഷിതമായി തുടരുക- നിര്‍മാതാക്കള്‍ പറഞ്ഞു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത അഭിനയ രംഗത്തുനിന്ന് വളര്‍ന്ന് മുഖ്യമന്ത്രി പദവിയില്‍വരെ എത്തുന്ന കഥ പറയുന്ന സിനിമയാണ് തലൈവി
ഏപ്രില്‍ 23 ന് ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്..
കങ്കണക്കു പുറമെ, അരവിന്ദ് സ്വാമി, പ്രകാശ് രാജ്, മാധു, ഭാഗ്യശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.