Sorry, you need to enable JavaScript to visit this website.

വഴി കാണിക്കുന്ന ഗൂഗിള്‍ വഴി തെറ്റിക്കുകയും ചെയ്യും 

അഭ്യൂഹങ്ങളും അസത്യങ്ങളും
വേര്‍തിരിക്കാന്‍ കഴിയാതെ ഗൂഗിള്‍

ബ്രേക്കിംഗ് ന്യൂസുകളില്‍ അഭ്യൂഹങ്ങളും വസ്തുതകളും വേര്‍തിരിക്കുന്നതില്‍ ഗൂഗിള്‍ ഇപ്പോഴും പരാജയം. ഇന്റര്‍നെറ്റില്‍ തിരയുന്നതിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കപ്പെടുന്ന ഗൂഗിള്‍ തെറ്റായ വിവരങ്ങളാണ് ടോപ് സ്‌റ്റോറീസ് എന്ന പേരില്‍ നല്‍കുന്നത്. അവയില്‍നിന്ന് സത്യവും അസത്യവും വേര്‍തിരിച്ചെടുക്കേണ്ട ജോലി വായനക്കാരന്‍ തന്നെ നിര്‍വഹിക്കേണ്ടി വരുന്നു. 
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ സ്‌ഫോടനമുണ്ടായപ്പോഴും ഗൂഗിള്‍ അല്‍ഗോരിതത്തിനു പിഴച്ചു. 
അഭ്യൂഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതും  പൊതുവേ വിശ്വാസ്യത നഷ്ടപ്പെടുത്തിയതുമായ ബ്രിട്ടീഷ് ടാബ്ലോയിഡ് ദ സണ്‍, കൃത്യതയില്ലാത്ത വിവരങ്ങള്‍ നല്‍കി വിവാദം സൃഷ്ടിക്കാറുള്ള ദ ഡെയിലി കാളര്‍ തുടങ്ങിയവയുടെ വാര്‍ത്തകളാണ് ന്യൂയോര്‍ക്ക് അറ്റാക് സെര്‍ച്ചിനു താഴെ ഗൂഗിള്‍ നല്‍കിയത്.
ന്യൂയോര്‍ക്ക് പോലീസ് വിഭാഗം സ്ഥരീകരിക്കുന്നതിനുമുമ്പ് തന്നെ ഐ.എസ് പ്രേരിതമാണെന്ന് അവകാശപ്പെടുന്ന ഇന്‍ഫോവാര്‍സ് എഡിറ്ററുടെ ട്വീറ്റും നല്‍കി. 
ഈ ട്വീറ്റ് അയക്കുമ്പോള്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചയാള്‍ക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നില്ല. അന്വേഷണത്തില്‍ പങ്കുവഹിക്കാത്ത മുന്‍ പോലീസ് കമ്മീഷണര്‍ ബില്‍ ബ്രാട്ടനെ ഉദ്ധരിച്ചായിരുന്നു ആധികാരികമെന്ന നിലയിലുള്ള ട്വീറ്റ്. നാടന്‍ ബോംബുമായി വന്ന ബംഗ്ലാദേശിക്ക് ഐഎസ് ബന്ധമുണ്ടെന്ന് പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 
അക്രമ സംഭവങ്ങളുണ്ടാകുമ്പോള്‍ ഗൂഗിളിന് പിഴച്ചത് ഇത് ആദ്യമല്ല. അല്‍ഗോരിതം അടിസ്ഥാനമാക്കിയാണ് സെര്‍ച്ച് റിസള്‍ട്ടുകള്‍ നല്‍കുന്നതെന്നും ഇത്തരം തെറ്റായ ഫലങ്ങളും സ്രോതസ്സുകളും എങ്ങനെ ഒഴിവാക്കാമെന്ന കാര്യം പരിശോധിക്കുമെന്നുമാണ് ഗൂഗിള്‍ പ്രതികരിക്കാറുള്ളത്. 
ഇത്തവണയും പ്രസ്താവന വന്നിട്ടുണ്ട്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാനുദ്ദേശിച്ചുള്ള ട്വീറ്റുകള്‍ കടന്നുവരുന്നുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ ആധികാരിക സ്രോതസ്സുകള്‍ തന്നെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമെന്നുമാണ് വിശദീകരണം.
 

Latest News