ഷംലി- ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്‌സിനു പകരം മൂന്ന് സ്ത്രീകള്‍ക്ക് കുത്തിവെച്ചത് പേപ്പട്ടി വിഷബാധക്കെതിരായ മരുന്ന്. ഷംലി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കാന്ധ്‌ലയിലെ സര്‍ക്കാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സരോജ് (70), അനാര്‍ക്കലി (72), സത്യവതി (60) എന്നിവര്‍ക്ക് ആന്റി റാബീസ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷനുശേഷം ഇവര്‍ക്ക് ആന്റി റാബീസ് വാക്‌സിന്‍ സ്ലിപ്പുകള്‍ കൈമാറിയതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍ പെട്ടതും പ്രതിഷേധത്തിന് കാരണമായതും.
അല്‍പം കഴിഞ്ഞപ്പോള്‍ സരോജിന്റെ അവസ്ഥ വഷളാകുകയും ഛര്‍ദി തുടങ്ങുകയും ചെയ്തു. ഉടന്‍ തന്നെ സ്വകാര്യ ഡോക്ടറുടെ അടുത്തെത്തിച്ച് ചികിത്സ നല്‍കി.
കുടുംബാംഗങ്ങള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സഞ്ജയ് അഗര്‍വാളിന് പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ബ്രിജേന്ദ്ര സിംഗ് അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.