ചെന്നൈ- മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകനെ അടിയ്ക്കാന്‍ ശ്രമിച്ചതായി ആരോപണം. കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബാണ് ആരോപണവുമായി എത്തിയിട്ടുള്ളത്. വോട്ടെടുപ്പ് ദിവസം മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പ്രസ് ക്ലബ്ബ് ഉന്നയിക്കുന്ന ആരോപണം. പോളിംഗ് ബൂത്തില്‍ കമല്‍ എത്തിയപ്പോള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപ്പോര്‍ട്ടര്‍ മോഹനനെ ഊന്നുവടി കൊണ്ട് അടിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് പാരാതി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞതിനാലാണ് കമല്‍ ഊന്നുവടി ഉപയോഗിക്കുന്നത്.
കമല്‍ഹാസന്‍ വടി ഉയര്‍ത്തുന്ന ചിത്രം സമൂഹമാധ്യ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ റിപ്പോര്‍ട്ടറെ കാണുന്നില്ലെന്നും പ്രസ്‌ക്ലബ്ബിന്റെ ആരോപണം വ്യാജമാണെന്നും കമലിന്റെ ആരാധകര്‍ വാദിക്കുന്നു. എന്നാല്‍ അടി കിട്ടാഞ്ഞത് ഭാഗ്യത്തിനാണെന്നാണ് പ്രസ്‌ക്ലബ്ബിന്റെ വാദം.
കമല്‍ഹാസന്റെ പ്രവൃത്തി ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടര്‍ മോഹനന്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ അദ്ദേഹത്തെ നിരവധി തവണ അഭിമുഖം തയാറാക്കിയിട്ടുണ്ട്. എന്നാലിപ്പോള്‍ കമല്‍ ഇങ്ങനെ പെരുമാറിയതില്‍ വളരെയധികം വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തില്‍ കമല്‍ ഹാസന്‍ പ്രതികരിച്ചിട്ടില്ല.