ചലച്ചിത്ര താരം  നഗ്മയ്ക്ക് വാക്‌സിനേഷന് ശേഷം  കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ- നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഗ്മയ്ക്ക്  കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായി അവര്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച് യാതൊരു അലംഭാവവും കാണിക്കരുതെന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.
'ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. പക്ഷേ, ഇന്നലെ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയി റിസല്‍റ്റ് വന്നു. അതുകൊണ്ട് വീട്ടില്‍ സ്വയം ക്വറന്റൈനില്‍ കഴിയുകയാണ്. വാക്‌സിന്റെ ആദ്യ ഡോസ് എടുത്താലും എല്ലാവരും എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കണം. യാതൊരു വിധത്തിലും അലംഭാവം കാട്ടരുത്. സുരക്ഷിതമായി കഴിയുക', എന്നായിരുന്നു നഗ്മയുടെ ട്വീറ്റ്.ആലിയ ഭട്ടിന്റെ അമ്മയും പ്രസിദ്ധ നടിയുമായ സോണി റസ്ദന്‍ നഗ്മയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്യുകയും ചെയ്തു. 'ശ്രദ്ധയോടെ കഴിയുക. ഒരു പരിശോധന കൂടി നടത്തി നോക്കുക. രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ അത് തെറ്റായ പോസിറ്റീവ് റിസല്‍റ്റ് ആയേക്കാം. ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ വളരെ നേരിയതാണെന്ന് പ്രതീക്ഷിക്കുന്നു', സോണി കമന്റില്‍ കുറിച്ചു.
നഗ്മയോട് സുരക്ഷിതമായി ഇരിക്കാന്‍ പറഞ്ഞുകൊണ്ടും അതിവേഗം സുഖം പ്രാപിക്കാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടും നിരവധി സന്ദേശങ്ങളാണ് പല ഭാഗത്തു നിന്നും എത്തുന്നത്. നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും കമന്റുകളുമായി എത്തി. നടി എന്നതിലുപരി മഹിള കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് നഗ്മ ഇപ്പോള്‍. രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെച്ചതോടെ നഗ്മയുടെ ട്വീറ്റുകള്‍ വലിയ ചര്‍ച്ചയാവാറുണ്ട്.


 

Latest News