മുംബൈ-ജിയോ ബേബി സംവിധാനം ചെയ്ത, ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നാണെന്ന് ബോളിവുഡ് താരം നടി റാണി മുഖര്‍ജി. നടന്‍ പൃഥ്വിരാജിന് അയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് റാണി മുഖര്‍ജി സിനിമയെ പ്രകീര്‍ത്തിച്ചത്. റാണിയുടെ മെസേജ് പൃഥ്വിരാജ്, ജിയോ ബേബിയ്ക്ക് ഫോര്‍വേഡ് ചെയ്തു കൊടുക്കുകയായിരുന്നു. സിനിമ കണ്ടുവെന്നും ബ്രില്യന്റ് ആയ സിനിമയാണെന്നും റാണി പറയുന്നു.
'പൃഥ്വി ഇത് ഞാനാണ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെന്ന ചിത്രം കണ്ടു, അതിമനോഹരമായിരിക്കുന്നു. ഈ ചിത്രം എനിക്കിഷ്ടപ്പെട്ടു എന്നും ഈയടുത്തു പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ മികച്ചതെന്നും താങ്കള്‍ സംവിധായകനോട് പറയാമോ?', എന്നുമാണ് റാണി ചിത്രത്തെക്കുറിച്ച് സന്ദേശത്തില്‍ പറയുന്നത്. 'താങ്കളുടെ പേര് ചിത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് കണ്ടത് കൊണ്ടാണ് താങ്കളിലൂടെ ഇത് അറിയിക്കുന്ന' തെന്ന് സൂചിപ്പിച്ച റാണി, 'ചിത്രം വളരെ നല്ലതാണെ' ന്ന് വീണ്ടും പറയുന്നുമുണ്ട്. 'ഉടനെ വീണ്ടും സംസാരിക്കാം' എന്നവസാനിപ്പിക്കുന്ന സന്ദേശത്തില്‍ പൃഥ്വിയുടെ 'കുഞ്ഞിന് സ്‌നേഹാന്വേഷണങ്ങള്‍' നേരുന്നുണ്ട് റാണി.
റാണിയുടെ സന്ദേശം ജിയോയുമായി പങ്കുവെക്കവേ താന്‍ ഇനിയും ചിത്രം കണ്ടിട്ടില്ലെന്നും, എങ്കിലും ഈ മഹത്തായ വിജയത്തില്‍ ആശംസകള്‍ അറിയിക്കുന്നു എന്ന് പൃഥ്വിരാജും കുറിക്കുന്നു. നേരത്തെ പൃഥ്വിയും റാണിയും ഹിന്ദിയില്‍ ജോഡിയായി അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി 'ആഹഌദം, ആമസോണ്‍ എഫക്ട്' എന്ന പേരിലാണ് ഈ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. പങ്കുവെക്കപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ അഭിനന്ദനങ്ങളുമായി ധാരാളം പേരാണ് പോസ്റ്റില്‍ ഒത്തുകൂടിയിരിക്കുന്നത്. പ്രമുഖ ചാനലുകള്‍ നിരസിച്ച ഈ ചിത്രം നിസ്ട്രീമിലൂടെയാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ആമസോണ്‍ പ്രൈമില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത് ഏപ്രില്‍ 2 മുതലാണ്.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജനുവരി 15 നാണ് ചിത്രം നിസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.