- ബ്ലൂടൂത്തും ഇയർഫോണും എയർ പ്യൂരിഫൈയറും അടങ്ങുന്ന സൂപ്പർ മാസ്‌കുമായി അമേരിക്കൻ റാപ്പർ രംഗത്ത്
ഇയർഫോണും എയർ പ്യൂരിഫൈയറും ഉൾപ്പെടുന്ന മാസ്‌കുമായി പ്രശസ്ത യു.എസ് റാപ്പർ വില്യം ആഡംസ് രംഗത്ത്. മഹാമാരിക്കാലത്തെ മുതലെടുക്കാനാണ് വിൽ ഐ ആം എന്ന പേരിൽ സംഗീത ലോകത്തും വ്യക്തി മുദ്രപതിപ്പിച്ച അമേരിക്കൻ റാപ്പറുടെ ലക്ഷ്യം. സാങ്കേതിക രംഗത്തു കൂടി അദ്ദേഹം പേരെടുത്തിട്ടുണ്ട്.
പുറമെ നിന്നുള്ള ശബ്ദം കേൾക്കാതാക്കുന്ന ഇയർബഡുകൾ, ബ്ലൂടൂത്ത് 5.0 കണക്ടീവിറ്റി, പിന്തുണ, ഹെപ്പർ ഫിൽട്ടർ എന്നിവയുള്ള ഹൈടെക് ഫെയ്‌സ് മാസ്‌ക് സൂപ്പർ മാസ്‌ക് ഹണിവെല്ലുമായി ചേർന്നാണ് വിപണിയിലിറക്കുന്നത്.
മാറ്റാവുന്ന എച്ച്.ഇ.പി.എ ഫിൽറ്ററുകളും വെൻറിലേഷനായി ത്രീ സ്പീഡ് ഫാനുകളും ഉൾക്കൊള്ളുന്ന സൂപ്പർ മാസ്‌കിന് 299 ഡോളറാണ് (ഏകദേശം 22,000 രൂപയാണ് ) വില. ഏഴ് മണിക്കൂറോളം ചാർജ് നിൽക്കുന്ന മാസ്‌ക് ചാർജ് ചെയ്യുമ്പോൾ ധരിക്കുകയുമാവാം.
യാത്ര കുറച്ചുകൂടി സുരക്ഷിതവും സുഖപ്രദവുമായ അനുഭവമാക്കാവുന്ന എന്തെങ്കിലും സൃഷ്ടിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് വിൽ ഐ ആം പറഞ്ഞു. ആദ്യം സ്വന്തമായി ഉപയോഗിക്കാനാണ് ഒരെണ്ണം ഉണ്ടാക്കിയത്. അതു ധരിച്ച് യാത്ര ചെയ്തപ്പോൾ ഈ മാസ്‌ക് എവിടെനിന്നു ലഭിച്ചുവെന്ന് ധാരാളം പേർ അന്വേഷിച്ചു. ഇതിനു പിന്നാലെയാണ് സുഹൃത്തുക്കളുമായി ചേർന്ന് കമ്പനി ആരംഭിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പോപ്പ് ഗായിക ഷാക്കിറ അവതരിപ്പിച്ച 'ഗേൾ ലൈക്ക് മി' പോലുള്ള വീഡിയോകളിൽ വിൽ ഐആം ആരാധകർ ഈ സൂപ്പർമാസ്‌ക് കണ്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മഹാമാരി അതിന്റെ ഏറ്റവും പാരമ്യതയിലെത്തിയ സമയത്ത് യു.കെയിൽ നിന്നും വീട്ടിലേക്ക് തിരിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ഈ ആശയം ഉദിച്ചതെന്ന് വിൽ ഐആം പറഞ്ഞു.
മാസ്‌ക് ധരിച്ചുള്ള 10 മണിക്കൂർ വിമാന യാത്രയെ കുറിച്ച് ആലോചിക്കുന്നതു തന്നെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ആശയം മുന്നോട്ടുവെച്ചപ്പോൾ ഡിസൈൻ ടീം തനിക്കായി ഒരു മാസ്‌ക് സൃഷ്ടിച്ചു. ഏറെ ആശ്വാസം പകരുന്നതായിരുന്നു അതെന്ന് വിൽ ഐആം പറഞ്ഞു.
കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തിൽ തന്നെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും വെന്റിലേറ്റർ ഫിൽട്ടറുകളുമൊക്കെ നിർമിച്ച് ഫോർച്യൂൺ 500 കമ്പനി വലിയ മാതൃക കാണിച്ചു. മാസ്‌കുകളിൽനിന്ന് മോചനമില്ലാത്ത പുതിയ കാലത്തേക്ക് വിനോദ മേഖലയിലും പുതിയ പാത സൃഷ്ടിച്ചിരിക്കയാണ് വിൽ ഐ ആം.
കോവിഡ് പശ്ചാത്തലം സംഗീതത്തിന്റെ നിർമാണം മുതൽ ഉപയോഗം വരെ എല്ലാ രംഗത്തും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോവിഡിൽനിന്നു മാത്രമല്ല, ആളുകളെ മാനസികമായും സുരക്ഷിതമാക്കാൻ സൂപ്പർമാസ്‌കിനു കഴിയുമെന്നാണ് അവകാശവാദം.
കോവിഡ് കാലത്ത് ചുമതലാ ബോധം വളരെ പ്രധാനമാണ്. നിങ്ങൾ മറ്റുള്ളവരുടെ സുരക്ഷ കാര്യമാക്കുന്നുണ്ടെങ്കിൽ അവർ നിങ്ങളുടെ സുരക്ഷയും ഗൗരവത്തിലെടുത്ത് അതിനായുളള മുൻകരുതലുകൾ കൈക്കൊള്ളും-വിൽ ഐ ആം പറയുന്നു. സ്മാൾ-മീഡിയം, മീഡിയം- ലാർജ് എന്നിങ്ങനെ ഇന്ന് മുതൽ (ഏപ്രിൽ എട്ട്) സൂപ്പർ മാസ്‌ക് വിപണിയിൽ ലഭ്യമാക്കും.