ന്യൂദല്‍ഹി- വിദേശത്ത് കുടുംബ സമേതം താമസിക്കുന്ന എന്‍.ആര്.ഐകള്‍ അവരുടെ വീടുകള്‍ വാടകയ്ക്ക് നല്‍കുക പതിവാണ്. വീടുകള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്കി അധിക വരുമാനത്തിനു ശ്രമിക്കുന്നവരും ധാരാളമാണ്. മറ്റു നിക്ഷേപത്തേക്കള്‍ കൂടുതല്‍ സുരക്ഷിതമായാണ് അവര്‍ ഇതിനെ കാണുന്നത്.
എന്നാല്‍ പ്രവാസി ഇന്ത്യക്കാരന്റെ (എന്‍ആര്‍ഐ) ഫ് ളാറ്റും വീടും വാടകയ്ക്ക് എടുത്തവര്‍ അതിനുള്ള നികുതി നിയമങ്ങള്‍ അറിയണമെന്ന് ആദായ നികുതി വകുപ്പ് ഉണര്‍ത്തുന്നു.
വാടക സ്വീകരിക്കുന്നയാള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷം എന്‍.ആര്.ഐ പദവിയുണ്ടെങ്കില്‍ വാടക നല്കുന്നയാള് ടി.ഡി.എസ് (ഉറവിടത്തില്‍ നിന്നുള്ള നികുതി കിഴിവ്) കുറച്ച് മാത്രമേ നല്കാന് പാടുള്ളൂവെന്നാണ് ആദായനികുതി നിയമം. ഇങ്ങനെ കുറയ്ക്കുന്ന തക ആരോഗ്യ, വിദ്യാഭ്യാസ സെസ് സഹിതം വാടകക്കാരന് സര്‍ക്കാരിലേക്ക് അടക്കണം.
വാടക വരുമാനത്തിന്റെ കാര്യത്തില്‍, നിര്‍ദ്ദിഷ്ട ടി.ഡി.എസ് നിരക്ക് 30 ശതമാനമാണ്. പ്രവാസിയുടെ വരുമാനത്തില്‍നിന്ന് ടിഡിഎസ് കുറയ്ക്കുകയും നിക്ഷേപിക്കുകയും ചെയ്യേണ്ടത് പണമടയ്ക്കുന്നയാളുടെ ബാധ്യതയാണ്. ഇതു പാലിക്കാത്ത സാഹചര്യത്തില്‍ പണം നല്‍കുന്നയാള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും.
എന്‍ആര്‍ഐ ഉടമസ്ഥതയിലുള്ള വസ്തു വാടകയ്ക്ക് എടുക്കുമ്പോള്‍ ആദായനികുതി നിയമത്തിലെ 195 വകുപ്പ് പ്രകാരം ടി.ഡി.എസ് കുറയ്ക്കുകയും അത് സര്‍ക്കാരില്‍ നിക്ഷേപിക്കുകയും ചെയ്യേണ്ടത് വാടകക്കാരന്റെ ബാധ്യതയാണ്. എന്‍ആര്‍ഐ സ്വത്ത് വില്ക്കുമ്പോള് വാങ്ങുന്നയാള്‍ വില്പനക്കാരന് സ്വത്ത് കൈവശം വെച്ച വര്‍ഷങ്ങള്‍ക്ക് അനുസൃതമായും ടിഡിഎസ് അടയ്ക്കണം.
സ്വത്ത് 24 മാസത്തില്‍ കൂടുതല്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ ദീര്‍ഘകാല ആസ്തിയായി കണക്കാക്കപ്പുടും. ഇതിന് 20 ശതമാനമാണ് ടിഡിഎസ്. ഇതോടൊപ്പം ബാധകമായ സര്‍ചാര്‍ജും സെസും നല്‍കണം. സ്വത്ത് കൈവശം വെച്ചത് 24 മാസത്തില്‍ താഴെയാണെങ്കില്‍ ഹ്രസ്വകാല ആസ്തിയായായണ് കണക്കാക്കുക. അപ്പോള്‍ ടിഡിഎസ് 30 ശതമാനമായിരിക്കും. സര്‍ചാര്‍ജും സെസും ബാധകമായിരിക്കുകയും ചെയ്യും.