ചെന്നൈ- ചെന്നൈയില്‍ ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെടുപ്പിന് ശേഷം ഉദ്യോഗസ്ഥര്‍ ബൈക്കില്‍ കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രണ്ട് ഇ.വി.എമ്മുകളുമായി നാല് പേര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ചെന്നൈ വേളാച്ചേരിയില്‍ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. പരാതിയുമായി ഡി.എം.കെയും കോണ്‍ഗ്രസും രംഗത്ത് വന്നതോടെയാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്.
വോട്ടെടുപ്പ് കഴിഞ്ഞ രാത്രി നടന്ന സംഭവത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാഥമിക അന്വേഷണം തുടങ്ങിയത്. രണ്ട് ബൈക്കുകളിലായി കൊണ്ടുപോയ ഇ.വി.എമ്മുകളിലൊന്ന് തരമണിയില്‍ റോഡിലേക്ക് വീണു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബൈക്കിലുണ്ടായിരുന്നവരെ തടഞ്ഞുവെച്ചു. ഇവരില്‍നിന്ന് 1.12 ലക്ഷം രൂപയും കണ്ടെടുത്തു. ഡി.എം.കെ,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. പോളിംഗ് ഓഫീസര്‍മാരാണ് എന്ന് ബൈക്കിലുള്ളവര്‍ വിശദീകരിച്ചെങ്കിലും പോലീസ് എത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായത്.
ഡി.എം.കെ, കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയതോടെ അന്വേഷണത്തിന് തീരുമാനമായി. ഉദ്യോഗസ്ഥരില്‍നിന്ന് കണ്ടെടുത്ത പണത്തെക്കുറിച്ചും ഇവരുടെ രാഷ്ട്രീയ ബന്ധത്തേക്കുറിച്ചും അന്വേഷിക്കണം എന്ന് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബൈക്കില്‍ ഇ.വി.എമ്മുമായി സഞ്ചരിച്ചത് ചെന്നൈ കോര്‍പ്പറേഷനില്‍ ജോലിചെയ്യുന്ന പോളിംഗ് ഓഫീസര്‍മാരാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ തുടര്‍ നടപടി സ്വീകരിക്കും.