അഹമദാബാദ് - അടുത്ത തിങ്കളാഴ്ച ഗുജറാത്തിൽ വോട്ടെണ്ണുമ്പോൾ ഫലം ഗംഭീരമായിരിക്കുമെന്ന് നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പു പ്രചാരണ കൊട്ടിക്കലാശത്തിന്റെ ഭാഗമായി അഹമദാബാദിൽ നടത്താനിരുന്ന റോഡ് ഷോയ്ക്കു പോലീസ് അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ പകരം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കോൺഗ്രസ് മൂന്നു മാസം നീണ്ട ശക്തമായ തെരഞ്ഞെടുപ്പു പ്രചാരമാണ് നടത്തിയത്. ബിജെപി ഉന്നയിച്ച ആരോപണങ്ങൾക്ക് രാഹുൽ അക്കമിട്ടു മറുപടി പറഞ്ഞു.
ഗുജറാത്ത് പ്രചാരണത്തിനിടെ ഇടക്കിടെ നടത്തിയ ക്ഷേത്ര സന്ദർശനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ ഗുജറാത്തിന്റെ ക്ഷേമത്തിനും സുവർണശോഭയുള്ള ഭാവിക്കും വേണ്ടിയാണ് പ്രാർത്ഥിച്ചതെന്നായിരുന്നു രാഹുലിന്റെ മറുപടി. തന്റെ ക്ഷേത്ര സന്ദർശനങ്ങൾ ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണ കാലത്തു മാത്രം നടക്കുന്ന സംഭവമല്ലെന്നും ഗുജറാത്തിനു പുറത്തെ ക്ഷേത്രങ്ങളിലും പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങൾ തനിക്കു നൽകിയ സ്വീകരണം ഒരിക്കലും മറക്കില്ലെന്നും പല വിഭവങ്ങളും നൽകിക്കൊണ്ടുള്ള ആതിഥ്യം ഹൃദ്യമായിരുന്നെന്നും രാഹുൽ പറഞ്ഞു. ആവശ്യമുള്ളപ്പോഴെല്ലാം താൻ ഒരു വിളിപ്പാടകലെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അവതരിപ്പിച്ച ജിഎസ്ടിയെ ഗബ്ബർ സിങ് ടാക്സ് എന്നു വിളിച്ചു രാഹുൽ വീണ്ടും വിമർശിച്ചു. ബോളിവുഡ് വില്ലൻ കഥാപാത്രമാണ് ഗബ്ബർ സിങ്. 22 വർഷം ഗുജറാത്ത് ഭരിച്ച ബിജെപി ഒരു വിഭാഗത്തെ മാത്രം കൂടെ നിർത്തികൊണ്ടുള്ള വികസനമാണ് കൊണ്ടുവന്നത്. എല്ലാവർക്കും അവരുടെ അവകാശം വകവച്ചു നൽകിയില്ലെന്നും രാഹുൽ പറഞ്ഞു. ശക്തമായ ഒരു അടിയൊഴുക്ക് ഇവിടെ ഉണ്ട്. വാസ്തവത്തിൽ ഞാൻ ആശ്ചര്യപ്പെടുകയാണ്. ബിജെപി കൂടുതൽ ശക്തിയോടെ പൊരുതുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. കാത്തിരിക്കൂ, ഗുജറാത്ത് ഫലം ഗംഭീരമായിരിക്കും,' രാഹുൽ പറഞ്ഞു.