ന്യൂദല്‍ഹി- പോളിംഗ് ബൂത്തുകളില്‍ വിവിപാറ്റ് ഇലക്ട്രോണിക് യന്ത്രങ്ങളാണ്
ഏര്‍പ്പെടുത്തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കെ, ഇനി സംഭവിക്കാനുള്ള കാര്യങ്ങളില്‍ മുന്നറിയിപ്പുമായി കഥാകൃത്തും റിട്ട. ഐ.എ.എസ് ഓഫീസറുമായ എന്‍.എസ്. മാധവന്‍.
വോട്ട് ചെയ്യുമ്പോള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പുവരുത്താനുള്ള സൗകര്യമാണ് വിവിപാറ്റ് മെഷിന്‍ നല്‍കുന്നത്. വിവിപാറ്റ് മെഷീനില്‍ വേറൊരു സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തതെന്ന് കണ്ടാല്‍ വോട്ടര്‍ക്ക് പരാതിപ്പെടാന്‍ അവസരമുണ്ട്. എന്നാല്‍ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ വിവിപാറ്റ് മെഷീന്‍ കൊണ്ടുവന്നതിന്റെ ഉദ്ദേശ്യ ശുദ്ധിക്ക് തന്നെ കടകവിരുദ്ധമാണെന്ന് എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ഗുജറാത്തികളെ ഉണര്‍ത്തുന്ന തരത്തിലാണ് തുടര്‍ച്ചയായി നാല് ഇംഗ്ലീഷ് ട്വീറ്റുകളിലൂടെ അദ്ദേഹത്തിന്റെ ആഹ്വാനം.
വോട്ട് ചെയ്തയാള്‍ക്കല്ല അത് രേഖപ്പെടുത്തിയതെന്ന് കണ്ടാല്‍ സ്വാഭാവികമായും നമ്മള്‍ പരാതിപ്പെടുമെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം പരാതികളെ പ്രോത്സാഹിപ്പിക്കാറില്ല. പരാതി ഉന്നയിച്ചാല്‍ പോളിംഗ് ഓഫീസര്‍ ആദ്യം നല്‍കുക തെറ്റായ പരാതിയാണെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന മുന്നറിയിപ്പാണ്.
ഇനിയും പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഒരു ഫോമില്‍ ഒപ്പിടാന്‍ ആവശ്യപ്പെടും. അതിലെ വ്യവസ്ഥകളെല്ലാം പേടിപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 171 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നായിരിക്കും മുന്നറിയിപ്പ്. ജയിലില്‍ പോകേണ്ടിവരുമെന്ന് കേള്‍ക്കുന്നതോടെ നിങ്ങള്‍ പരാതി വേണ്ടെന്നുവെക്കും. ഇതുകൊണ്ട് തന്നെ വിവിപാറ്റ് മെഷീന്‍ വന്നിടത്തൊന്നും വോട്ടിംഗ് മെഷിനെതിരെ പരാതി ഉയരാത്തതില്‍ അത്ഭുതമില്ല.
ഭീഷണി നേരിട്ടും പരാതിയില്‍ ഉറച്ചുനില്‍ക്കാന്‍ ധൈര്യം കാണിച്ചാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വോട്ട് ചെയ്യാന്‍ ആവശ്യപ്പെടും. നിങ്ങള്‍ ചെയ്ത വോട്ടും വിവിപാറ്റ് മെഷിനില്‍ കാണുന്ന സ്ലിപ്പും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ ബൂത്തിലെ വോട്ടെടുപ്പ് നിര്‍ത്തിവെക്കും. ഇനി അത് പൊരുത്തപ്പെടുകയാണെങ്കില്‍ അധികമായി വോട്ട് രേഖപ്പെടുത്തിയ കാര്യം പ്രത്യേകം രജിസ്റ്ററില്‍ എഴുതിവെക്കും. ഇത് വോട്ടെണ്ണുമ്പോള്‍ കുറക്കുകയും ചെയ്യും.
വോട്ട് ചെയ്യുമ്പോള്‍ വിവിപാറ്റ് മെഷിനില്‍ കാണിക്കുന്നത് തെറ്റായ സൂചനയാണെങ്കില്‍ നടപടികള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കണമെന്നും നിങ്ങള്‍ക്ക് ജനാധിപത്യത്തോട് ഉത്തരവാദിത്തമുണ്ടെന്ന് ഉണര്‍ത്തിയും ആരും നിങ്ങളുടെ നിശബ്ദതയെ ദുരുപയോഗം ചെയ്യാതിരിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടുമാണ് എന്‍.എസ്. മാധവന്‍ അവസാനിപ്പിക്കുന്നത്.