ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയ അഴിമതി ആരോപണങ്ങളില്‍ നിറഞ്ഞു നിന്ന റഫാല്‍ പോര്‍വിമാന ഇടപാട് സംബന്ധിച്ചു വീണ്ടും കോഴ വെളിപ്പെടുത്തല്‍. 2016ല്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ച റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഇടനിലക്കാരന് റഫാല്‍ നിര്‍മാതാക്കളായ ദാസ്സോ കമ്പനി 1.1 മില്യണ്‍ യൂറോ (9.48 കോടിയോളം രൂപ) നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാപാര്‍ട്ട് റിപോര്‍ട്ട് ചെയ്തു. ഫ്രാന്‍സിന്റെ അഴിമതി വിരുദ്ധ ഏജന്‍സി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍ ഉദ്ധരിച്ചാണ് മീഡിയാപാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് കോഴക്കേസില്‍ അന്വേഷണം നേരിടുന്ന സുഷെന്‍ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഒരു പ്രതിരോധ കമ്പനിക്ക് റഫാല്‍ പോര്‍വിമാനത്തിന്റെ 50 ചെറുമാതൃകകള്‍ നിര്‍മ്മിക്കാനായി ഈ പണം നല്‍കി എന്നാണ് ദാസ്സോ അവകാശപ്പെടുന്നത്. എന്നാല്‍ ഈ കമ്പനി റഫാല്‍ ജെറ്റിന്റെ ചെറുമാതൃകള്‍ നിര്‍മിച്ചതിന് തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും മിഡിയാപാര്‍ട്ട് റിപോര്‍ട്ട് ചെയ്യുന്നു.
ദാസോ കമ്പനിയില്‍ ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയായ എഎഫ്എ നടത്തിയ ഓഡിറ്റിലാണ് ഈ ആരോപണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ ഈ കേസ് തുടരന്വേഷണത്തിന് പ്രോസിക്യൂട്ടര്‍ക്ക് റഫര്‍ ചെയ്യേണ്ടെന്ന് എഎഫ്എ കരുതിക്കൂട്ടി തീരുമാനിക്കുകയായിരുന്നു. ക്ലയന്റിനു നല്‍കിയ സമ്മാനം എന്ന ഇനത്തിലാണ് 2017ല്‍ ദാസ്സോയുടെ അക്കൗണ്ടില്‍ 5,08,925 യൂറോയുടെ കണക്ക് എഴുതിയിരിക്കുന്നത്. ഇതില്‍ എഎഫ്എ ഇന്‍സ്‌പെക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സമ്മാനത്തിനാണെങ്കില്‍ ഇത് വലിയ തുകയാണ്. ഫ്രഞ്ച് നിയമത്തില്‍ പ്രത്യേക പരിധിയൊന്നും പറയുന്നില്ലെങ്കിലും വിലകൂടിയ എന്തും അഴിമതി ആയാണ് കണക്കാക്കപ്പെടുന്നത്.
20,357 യൂറോ നിരക്കില്‍ 50 റഫാല്‍ ജെറ്റ് ചെറുമാതൃകകള്‍ക്കുള്ള ഇന്‍വോയ്‌സില്‍ രേഖപ്പെടുത്തിയ തീയത് 2017 മാര്‍ച്ച് 30 ആണ്. സുഷെന്‍ ഗുപ്തയുടെ ഇന്ത്യന്‍ കമ്പനിയായ ഡെഫ്‌സിസ് സൊലൂഷന്‍സിനാണ് ഈ തുക നല്‍കിയിരിക്കുന്നതെന്നും കണ്ടെത്തി. ആകെ തുകയുടെ പകുതി തുകയുടെ ഇന്‍വോയ്‌സ് ആയിരുന്നു ഇത്. ഡെഫ്‌സിസ് ദാസോയുടെ ഇന്ത്യയിലെ ഉപകരാര്‍ ലഭിച്ച കമ്പനികളിലൊന്നാണ്. അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് വിവിഐപി കോപ്റ്റര്‍ കോഴക്കേസില്‍ ഈ കമ്പനിക്കെതിരെ സിബിഐ, ഇ.ഡി അന്വേഷണം നടന്നു വരുന്നുമുണ്ട്. ഈ കേസില്‍ സുഷെന്‍ ഗുപ്ത് നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി.
വാസ്തവത്തില്‍ ഈ ഇന്‍വോയ്‌സില്‍ കാണിച്ചിരിക്കുന്ന റഫാല്‍ ജെറ്റ് ചെറുമാതൃകകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ എന്നതിന് ഒരു തെളിവും ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. രഹസ്യ പണമിടപാട് മറച്ചുവയ്ക്കാന്‍ ഉണ്ടാക്കിയ വ്യാജ ബില്ലാണിതെന്നാണ് സംശയിക്കുന്നത്.