കനത്ത നഷ്ടം താങ്ങാന്‍ കഴിയാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി ഇലക്ട്രോണിക്‌സ് അറിയിച്ചു. മുന്‍ നിര ബ്രാന്‍ഡുകളോട് മത്സരിച്ച് പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെയാണ് പിന്മാറ്റം. ഇതോടെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്ന ആദ്യ വലിയ ബ്രാന്‍ഡാകും എല്‍ജി. നോര്‍ത്ത് അമേരിക്കന്‍ വിപണിയില്‍ 10 ശതമാനം സാന്നിധ്യമുള്ള എല്‍ജിയുടെ പിന്മാറ്റം ആപ്പ്‌ളിനും സാംസങിനും പുതിയ ഊര്‍ജം നല്‍കും.
തുടര്‍ച്ചയായി ആറു വര്‍ഷമായി വന്‍ നഷ്ടം സഹിച്ചുകൊണ്ടാണ് എല്‍ജി മുന്നോട്ടു പോകുന്നത്. ഏകദേശം 33,010 കോടി രൂപയോളം വരുമിത്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്ന് പിന്മാറുന്നതോടെ കമ്പനി ഇനി ഇലക്ട്രിക് വാഹന ഉപകരണങ്ങള്‍, സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ എന്നി നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുമെന്നാണ് റിപോര്‍ട്ട്.
സ്മാര്‍ട് ഫോണ്‍ വിപണിയില്‍ അള്‍ട്രാ വൈഡ് ആങ്കിള്‍ കാമറ അടക്കം പല പുതുമകളും ആദ്യം അവതരിപ്പിച്ച എല്‍ജി 2013ല്‍ സാംസങിനും ആപ്പ്‌ളിനും പിറകെ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി മാറിയിരുന്നു. എന്നാല്‍ പരിഷ്‌ക്കരണങ്ങളിലെ കാലതാമസം കാരണം എല്‍ജി ബ്രാന്‍ഡ് വിപണിയില്‍ അതിവേഗം പിന്നോട്ടു പോകുകയായിരുന്നു.