ജക്കാർത്ത- ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ദ്വീപിലുണ്ടായ മിന്നല്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 44 പേർ മരിച്ചു. ദ്വീപ് തന്നെ ഒഴുകിപ്പോയ പ്രളയത്തില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ഈസ്റ്റ് ഫ്ലോറസിൽ 44 പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേല്‍ക്കകയും ചെയ്തു. നിരവധി പേർ ഇനിയും ചെളിയില്‍ പൂണ്ടുകിടക്കുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് റാഡിത്യ ജതി വാർത്താ ഏജന്‍സിയോട് പറഞ്ഞു.
ഈസ്റ്റർ ആഘോഷിക്കാൻ ഞായറാഴ്ച ആളുകൾ ഉണരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കത്തോലിക്കാ ഭൂരിപക്ഷമുള്ള ഫ്ലോറസ് ദ്വീപിൽ കനത്ത മഴ പെയ്തു തുടങ്ങിയത്.
ദ്വീപിന്റെ കിഴക്കേ അറ്റത്തുള്ള പാലങ്ങളും റോഡുകളും തകർന്നു.
മഴയും ശക്തമായ തിരമാലയും കാരണം ഈസ്റ്റ് ഫ്ലോറസ് റീജൻസിയിലെ വിദൂരവും ഏറ്റവും മോശമായതുമായ പ്രദേശത്ത് എത്താൻ രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടു.
23 മരണമാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നത്.