ചെന്നൈ- തെന്നിന്ത്യൻ നടിയും മലയാളിയുമായ നിവേദ തോമസിന് കോവിഡ്. നടി തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്വാറന്റൈനിൽ പ്രവേശിച്ചെന്നും രോഗം ഭേദമാകാനുള്ള തയ്യാറെടുപ്പിലാണെന്നും നിവേദ ട്വീറ്റ് ചെയ്തു. തന്നെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു. തനിക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്ന ആരോഗ്യ പ്രവർത്തകരോട് പ്രത്യേക കടപ്പാടുമുണ്ട്. എല്ലാവരും മാസ്‌ക് ധരിച്ച് സുരക്ഷിതരാകൂവെന്നും നിവേദ തോമസ് കുറിച്ചു.മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലും സജീവമായ നടി വെറുതെ ഒരു ഭാര്യ, ഉത്തര എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായാണ് സിനിമയിലെത്തുന്നത്. റോമൻസ്, ചാപ്പാ കുരിശ് എന്നീ മലയാള ചിത്രങ്ങളിലും തമിഴിൽ വിജയ്‌ക്കൊപ്പം ജില്ല, പാപനാശം, രജനികാന്ത് ചിത്രം ദർബാർ, തെലുങ്കിൽ വക്കീൽ സാബ് എന്നീ സിനിമകളിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.