Sorry, you need to enable JavaScript to visit this website.

'കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാൽ.....  മമ്മുട്ടി ചിത്രം വണ്ണിലെ ഡയലോഗ് സൂപ്പർ ഹിറ്റായി 

വടകര- മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മുരളി ഗോപിയാണ് ചിത്രത്തിൽ അതിശക്തമായ പ്രതിപക്ഷ നേതാവിനെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം അവസാനം തിയറ്ററുകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
റൈറ്റ് ടു റീക്കോൾ എന്ന ബില്ലിന്റെ ചുവടുപിടിച്ചാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബിസഞ്ജയ് ടീമാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സമാനമായ ദൃശ്യങ്ങളും ഡയലോഗുകളുമായിരുന്നു നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിലെ പ്രധാന ആകർഷണം. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ ആക്ഷേപവും മറുപടിയുമായി നീങ്ങുന്ന ട്രെയിലർ പഞ്ച് ഡയലോഗുകളാൽ സമ്പന്നമാണ്.
കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദം സൃഷ്ടിച്ച മുഖ്യമന്ത്രിക്കെതിരായ 'ചെത്തുകാരന്റെ മകൻ' പരാമർശം പരോക്ഷമായി ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാൽ ഇതും ഇതിനപ്പുറവും നടക്കുമെന്ന' പി ബാലചന്ദ്രന്റെ കഥാപാത്രത്തിന്റെ സംഭാഷണം ഇതിന് സമാനമായുള്ളതാണ്. 'ഞാൻ പതിനഞ്ച് ലക്ഷം പേരുടെ മാത്രം മുഖ്യമന്ത്രിയല്ല, കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ്' എന്ന പഞ്ച് ഡയലോഗോട് കൂടിയാണ് ട്രെയിലർ അവസാനിക്കുന്നത്. ഏതായാലും ഈ സംഭാഷണങ്ങൾ സൂപ്പർ ഹിറ്റായിട്ടുണ്ട്. 
ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'ജനമനസ്സിൻ' എന്ന് പേരിട്ടിരിക്കുന്ന ഗാനം മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രന്റ ജനക്ഷേമ പരിപാടികളും പ്രചരണങ്ങളുമാണ് കാണിക്കുന്നത്. 'എല്ലാ മാസവും പെൻഷൻ കൃത്യമായി വീട്ടിൽ വരും' എന്ന ഉറപ്പും ഗാനരംഗത്തിൽ മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രൻ നൽകുന്നു.
 

Latest News