സമ്മര്‍ കത്തിയെരിയാന്‍ തുടങ്ങി. പുറത്തെ ചൂടേറിയ കാലാവസ്ഥ വീട്ടകങ്ങളിലേക്കും ഇരച്ചെത്തുന്നു. ചൂടിൽ ഉരുകിയൊലിക്കുമ്പോഴാണ് പലരും എ.സി വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുക. വര്‍ധിച്ചു വരുന്ന വൈദ്യുതി ബില്ലുകളാണ് സാധാരണക്കാരെ എ.സിയില്‍ നിന്ന് അകറ്റുന്ന ഘടകം. കുറഞ്ഞ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ കഴിവതും എ.സി വാങ്ങാതിരിക്കുന്നത് തന്നെയാണ് നല്ലത്. സാധാരണ സീലിങ് ഫാൻ മതിയാകും. കൂളറുകൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ചൂടിനെ പ്രതിരോധിക്കാൻ എ.സി തന്നെയാണ് മികച്ചത്. എന്നാൽ സാധാരണ കണ്ടുവരുന്ന ഒരു ടൺ എയർ കണ്ടീഷണർ 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും. എ.സി വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ചെലവ് കുറക്കാന്‍ കഴിയും. എയർ കണ്ടീഷണറുകളിൽ വൈദ്യുതി ലാഭിക്കാൻ താഴെ പറയുന്ന 10 കാര്യങ്ങൾ ശ്രദ്ധിക്കൂ.
1. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെളള നിറത്തിലുളള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും.
2. ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക.
3. വാങ്ങുന്ന സമയത്ത് ബി.ഇ.ഇ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. 5 സ്റ്റാർ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്.
4. എയർ കണ്ടീഷണറുകൾ ഘടിപ്പിച്ച മുറികളിലേക്ക് ജനലുകൾ, വാതിലുകൾ മറ്റു ദ്വാരങ്ങൾ എന്നിവയിൽക്കൂടി വായു അകത്തേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
5. ഫിലമെന്റ് ബൾബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ മുറിയിൽ നിന്ന് ഒഴിവാക്കുക.
6. എയർ കണ്ടീഷണറിന്റെ ടെംപറേച്ചർ സെറ്റിംഗ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാൽ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
7. എയർകണ്ടീഷണറിന്റെ ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക.
8. എയർ കണ്ടീഷണറിന്റെ കണ്ടെൻസർ യൂണിറ്റ് കഴിയുന്നതും വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. കേരളത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്. വൈകുന്നേരത്തെ വെയിലിന്റെ ചൂട് ഏറ്റവുമധികം ഉണ്ടാവുക തെക്കു പടിഞ്ഞാറ് ഭാഗത്തായിരിക്കുമല്ലോ...
കണ്ടൻസർ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാൽ സ്വാഭാവികമായും ഊർജ്ജനഷ്ടം ഉണ്ടാവും.
9. എയർ കണ്ടീഷണറിന്റെ കണ്ടെൻസറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക.
10. കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥകളിൽ കഴിവതും സീലിംഗ് ഫാൻ, ടേബിൾ ഫാൻ മുതലായവ ഉപയോഗിക്കുക.
(വിവരങ്ങൾക്ക് കടപ്പാട്: കെ.എസ്.ഇ.ബി)