മംഗളൂരു- ഇതര മതക്കാരിയോടൊപ്പം യാത്ര ചെയ്ത യുവാവിനെ ബസില്‍നിന്ന് പിടിച്ചിറക്കി മർദിക്കുകയും കുത്തി പരിക്കേല്‍പിക്കുകയും ചെയ്തു. തടയാനെത്തിയ യുവതിക്കും മർദനമേറ്റു. വിദ്വേഷ പ്രചാരണങ്ങളും വിഭാഗീയ നിയമങ്ങളും നിലവിലുള്ള കർണാടകയിലെ മംഗളൂരുവിലാണ് സംഭവം.
സഹപാഠികളും സുഹൃത്തുക്കളുമായവരെയാണ് ബസില്‍നിന്നിറക്കി ഒരു സംഘം ആളുകള്‍ മർദിച്ചതെന്ന് മംഗളൂരു പോലീസ് കമ്മീഷണർ ശശി കുമാർ പറഞ്ഞു. എട്ട് പേരെ കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് ബജ്റംഗ് ദള്‍ പ്രവർത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.
നാല് പേർ കാറിലെത്തിയാണ് ബസ് തടഞ്ഞുനിർത്തിയത്. ഇടുപ്പിന് പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ്. ആരോഗ്യനില ഭദ്രമാണെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ബസില്‍ ബംഗളൂരവിലേക്ക് പോകുകയായിരുന്ന യുവതിക്ക് സിറ്റി വേണ്ടത്ര പരിചയമില്ലാത്തതിനാലാണ് സഹപാഠിയും സുഹൃത്തുമായ യുവാവും കൂടെ യാത്ര ചെയ്തത്.
വർഷങ്ങളായി യുവാവിനെ അറിയാമെന്ന് പെൺകുട്ടി പറഞ്ഞതായി ശശി കുമാർ പറഞ്ഞു.