ഡെറാഡൂൺ- അമേരിക്കയിൽനിന്നടക്കം വാഗ്ദാനം ചെയ്യപ്പെട്ട ഉന്നത ജോലികൾ വേണ്ടെന്നുവെച്ച് പട്ടാളത്തിൽ ചേരാൻ പോയ മകനെ ഓർത്ത് വിലപിച്ച കൂലിപ്പണിക്കാരാനായ പിതാവിന് ഒടുവിൽ ആശ്വാസം.
സാദാ പട്ടാളക്കരാനാകാനാണ് മകൻ പോകുന്നതെന്ന് മനസ്സിലാക്കിയ ബർനാന ഗുണ്ണായ എന്ന കൂലിവേലക്കാരൻ മകൻ യദാഗിരി ഇന്ത്യൻ മിലിറ്ററി അക്കാദമയിൽനിന്ന് പട്ടാള ഓഫീസറായി പുറത്തിറങ്ങിയപ്പോൾ ആനന്ദാശ്രു പൊഴിച്ചു.
ഹൈദരാബാദിലെ സിമന്റ് ഫാക്ടറിയിൽ 100 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ഈ പിതാവിന് കഴിഞ്ഞ ദിവസം പാസിംഗ് ഔട്ട് പരേഡ് നടക്കുന്നതുവരെ മകൻ ഒരു ഓഫീസറായാണ് ജോലിക്ക് ചേരുന്നതെന്ന് അറിയാമായിരുന്നില്ല.
പിതാവ് ഒരാ സാധാരണക്കാരനാണെന്നും ഞാൻ ഒരു പട്ടാളക്കാരനായാണ് സൈന്യത്തിൽ ചേരുന്നതെന്നുമാണ് അദ്ദേഹം മനസ്സിലാക്കിയത്. അതുകൊണ്ടു തന്നെ ഉയർന്ന വേതനമുള്ള സോഫ്റ്റ് വെയർ ജോലി ഉപേക്ഷിക്കുന്നത് വലിയ അബദ്ധമായാണ് പിതാവ് മനസ്സിലാക്കിയിരുന്നത് -യദാഗിരി പറഞ്ഞു.
കടുത്ത സാമ്പത്തിക പരാധീനതകൾക്കിടയിലാണ് മകനെ ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ അയച്ച് സോഫ്റ്റ് വെയർ എഞ്ചിനീയറാക്കിയത്. യുഎസ് ആസ്ഥാനമായ യൂനിയൻ പസിഫിക്ക് കമ്പനി ജോലി വാഗ്ദാനം ചെയ്തിട്ടും പോയില്ല. കാറ്റ് പരീക്ഷയിൽ 93.4 ശതമാനം മാർക്ക് നേടിയിട്ടും ഇൻഡോറിലെ ഐഐഎം പ്രവേശനവും വേണ്ടെന്നുവെച്ചു. രാജ്യത്തെ സേവിക്കാൻ പോകാനാണ് മനസ്സ് പറഞ്ഞതെന്ന് യദാഗിരി പറഞ്ഞു.
സാങ്കേതിക ബിരുദ കോഴ്സിൽ ഒന്നാം സ്ഥാനത്തെത്തിയ യദാഗരി ഐഎംഎയിലെ പ്രശസ്തമായ വെള്ളി മെഡൽ കരസ്ഥമാക്കിയാണ് പാസിംഗ് ഔട്ട് പരേഡ് കാണാനെത്തിയ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിയത്. സാങ്കേതിക പശ്ചാത്തലമുള്ള കാഡറ്റുകൾക്ക് ആർമിയുടെ എൻജിനീയറിംഗ് യൂനിറ്റിലേക്ക് വഴി തുറക്കുന്ന കോഴ്സാണിത്.