തലശേരി- യൂട്യൂബില്‍ വെബ് സീരീസുകള്‍ ശ്രദ്ധയാകര്‍ഷിച്ചതോടെ ശ്രദ്ധ നേടിയ വെബ്‌സീരീസാണ് കിളി. അജു വര്‍ഗ്ഗീസ് അഭിനയിച്ചതോടെ സീരീസ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഫന്റാസ്റ്റിക്ക് ഫിലിംസും മൈ ഡെസിഗ്‌നേഷന്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ വെബ് സീരീസാണ് ഇത്. പൃഥ്വിരാജും മഞ്ജു വാര്യരും ചേര്‍ന്നായിരുന്നു സീരീസിന്റെ ആദ്യ എപ്പിസോഡ് പുറത്ത വിട്ടിരുന്നത്. ഇപ്പോഴിതാ സീരീസിന്റെ അവസാന എപ്പിസോഡ് ശ്രദ്ധിക്കപ്പെടുകയാണ്.
കോവിഡ് ലോക്ക് ഡൌണ്‍ തുടങ്ങിയ സമയത്ത് മൂന്ന് യുവാക്കള്‍ക്കിടയിലേക്ക് മറ്റൊരാള്‍ കയറി വരുന്നതും തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണ്ണമാകുന്ന കഥാപശ്ചാത്തലവും മറ്റുമൊക്കെയായിരുന്നു സീരീസിന്റെ കഥയുടെ നട്ടെല്ല്. ലോക്ക് ഡൗണ്‍ ആയതോടെ ലഹരി ലഭിക്കാതായ ഒന്നിച്ച് താമസിക്കുന്ന ഏതാനും യുവാക്കളുടെ ജീവിതമാണ് സീരീസിന്റെ പ്രമേയം.
ഈ വിഷയമുണ്ടാക്കുന്ന പ്രശ്‌നങ്ങളും തമാശകളുമൊക്കെയാണ് ആദ്യ എപ്പിസോഡിലുള്ളത്. ഒടുവില്‍ ഇവര്‍ക്കിടയിലേക്കെത്തുന്ന കിളി എന്ന കഥാപാത്രം മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന പുകിലും അയാള്‍ മറ്റെല്ലാവരുടെയും പൊതു ശത്രുവായി മാറുന്നതും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയുമൊക്കെയായാണ് ആദ്യ സീസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്. ഉടന്‍ തന്നെ സീരീസിന്റെ രണ്ടാം ഭാഗമെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്മണ്യം എന്നിവരും മൈ ഡെസിഗ്‌നേഷന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ വെബ്‌സീരീസ് നിര്‍മിക്കുന്നത്. മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് വെബ് സീരീസ് കൂടിയാണ് കിളി. സീരീസില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അജു വര്‍ഗ്ഗീസ്, ആര്‍ജെ മാത്തുക്കുട്ടി, ശ്രീജിത്ത് രവി, കാര്‍ത്തിക് ശങ്കര്‍, ആനന്ദ് മന്‍മധന്‍, വൈശാഖ് നായര്‍, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ്.
കോമഡി പശ്ചാത്തലത്തിലുള്ള വെബ് സിരീസ് സംവിധാനം ചെയ്യുന്നത് നടന്‍ വിഷ്ണു ഗോവിന്ദ് ആണ്. സീരീസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീജിത്ത് ബി, ആനന്ദ് മന്‍മധന്‍, ജിതിന്‍ ഐസക്ക് തോമസ് എന്നിവരാണ്. സീരീസ് മൂന്ന് സീസണുകളായാണ് പുറത്തിറങ്ങുക. ആദ്യ സീസണില്‍ എട്ട് എപ്പിസോഡുകളാണ് ഉള്ളത്. അബ്രഹാം ജോസഫാണ് സീരീസിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാസ്‌കരനാണ് ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്. സീരീസിനായി സംഗീതം ഒരുക്കിയിരിക്കുന്നത് നീരജ് സുരേഷാണ്.