വാഷിങ്ടന്‍- യുഎസിലെ ഒരു മരുന്ന് നിര്‍മാണ പ്ലാന്റിലെ പിഴവ് മൂലം ഒന്നര കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പാഴായി. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്ന കമ്പനിയുടെ വാക്‌സിന്‍ നിര്‍മാണത്തിനിടെയാണ് ചേരുവകളൊന്നില്‍ പിഴവ് സംഭവിച്ചതെന്നാണ് റിപോര്‍ട്ട്. അതേസമയം കമ്പനി ഈ സാഹചര്യം വലിയ വീഴ്ചയായി അംഗീകരിച്ചിട്ടില്ല. ലക്ഷ്യമിട്ടത്ര ഡോസുകള്‍ സമയത്തു തന്നെ വിതരണം ചെയ്യാന്‍ സജ്ജമാണെന്ന് കമ്പനി വിശദീകരിച്ചു. ഉല്‍പ്പാദിപ്പിച്ച ഒരു ബാച്ച് പരിശോധനയില്‍ ഗുണമേന്മ ഇല്ലാത്തതാണെന്ന് കണ്ടെത്തി എന്നു മാത്രമാണ് കമ്പനി പറയുന്നത്.
ബാള്‍ട്ടിമോറിലെ എമര്‍ജന്റ് ബയോസൊലൂഷന്‍സ് ഇന്‍ക് എന്ന മരുന്ന് ഫാക്ടറിയിലാണ് സംഭവം. ഇവിടെ ഉല്‍പ്പാദിപ്പിച്ച വാക്‌സിന്‍ ഇതുവരെ ആര്‍ക്കും വിതരണം ചെയ്തിട്ടില്ല. ഇതുവരെ അനുമതിയും ലഭിച്ചിട്ടില്ല. ഫാക്ടറി ജീവനക്കാരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് സംഭവം ആദ്യം പുറത്തു കൊണ്ടു വന്നത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനിലെ ഒരു ചേരുവയും ഇതെ പ്ലാന്റില്‍ തന്നെയുള്ള ആസ്ട്രസെനക ഉല്‍പ്പാദന കേന്ദ്രത്തില്‍ നിര്‍മിച്ച ചേരുവയുമായി ജീവനക്കാര്‍ അബദ്ധത്തില്‍ കൂട്ടിക്കലര്‍ത്തുകയായിരുന്നു എന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ ആസ്ട്രയും പ്രതികരിച്ചിട്ടില്ല.