പെര്‍ത്ത്- ഓസ്‌ട്രേലിയയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാരിനെ വെട്ടിലാക്കിയ ഇരട്ട ബലാല്‍സംഗക്കേസില്‍ ഉള്‍പ്പെട്ട രണ്ടു മന്ത്രിമാരെ ക്യാബിനെറ്റില്‍ നിന്ന് നീക്കം ചെയ്തു. ദേശീയ രാഷ്ട്രീയത്തെ തന്നെ ഇളക്കിമറിച്ച കേസുകളില്‍ കുറ്റാരോപിതരായ ക്രിസ്റ്റ്യന്‍ പോര്‍ട്ടര്‍, ലിന്‍ഡ റെയ്‌നോള്‍ഡ്‌സ് എന്നിവര്‍ക്കാണ് സ്ഥാനം പോയത്. അറ്റോര്‍ണി ജനറല്‍ പദവിയില്‍ നിന്നാണ് പോര്‍ട്ടറേ മാറ്റിയത്. പ്രതിരോധ മന്ത്രി പദവിയില്‍ നിന്ന് ലിന്‍ഡ റെയ്‌നോള്‍ഡ്‌സിനേയും നീക്കി. ഇവര്‍ക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.
1988ല്‍ സഹപാഠിയായിരുന്ന 16കാരിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് ക്രിസ്റ്റ്യന്‍ പോര്‍ട്ടര്‍ക്കെതിരായ ആരോപണം. ഈ യുവതി കഴിഞ്ഞ വര്‍ഷം ജൂണില്‍ ആത്മഹത്യ ചെയ്തിരുന്നു. ആരോപണം പോര്‍ട്ടര്‍ നിഷേധിച്ചിട്ടുണ്ട്.
പാര്‍ലമെന്ററി ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരു യുവതി ബലാത്സംഗത്തിനിരയായ കേസ് അന്വേഷണം മോശമായി കൈകാര്യം ചെയ്‌തെന്നാണ് മന്ത്രി ലിന്‍ഡ റെയ്‌നോള്‍ഡ്‌സിനെതിരായ ആരോപണം.
രണ്ടു മന്ത്രിമാരും ആഴ്ചകളായി അവധിയിലായിരുന്നു. ഇരുവരും വൈകാതെ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി പറയുകയം ചെയ്തിരുന്നു. ഇതിനിടെയാണ് ഇരുവരേയും തരംതാഴ്ത്തിയത്.