ന്യൂയോര്‍ക്ക്- തങ്ങള്‍ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് കൗമാര പ്രായക്കാരില്‍ പൂര്‍ണമായും ഫലപ്രദമെന്ന് ഫൈസര്‍-ബയോന്‍ടെക്. 12നും 15നുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ തങ്ങളുടെ വാക്‌സിന്‍ നൂറ് ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ പറയുന്നു. അടുത്ത അധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നതിനു മുമ്പായി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി കാത്തിരിക്കുകയാണ് ഫൈസര്‍.
യുഎസില്‍ 2,260 കൗമാര പ്രായക്കാര്‍ക്കിടയില്‍ മൂന്നാം ഘട്ട മരുന്ന് പരീക്ഷണമാണ് പൂര്‍ണ ഫലപ്രാപ്തി കാണിച്ചതെന്ന് ഫൈസര്‍ അറിയിച്ചു. വാക്‌സിന്‍ കുട്ടികളില്‍ മികച്ച രോഗപ്രതിരോധ ശേഷി വികസിപ്പിച്ചതായും കമ്പനി അവകാശപ്പെട്ടു. ഈ വാക്‌സിന്‍ കുട്ടികളില്‍ പ്രയോഗിക്കാനായി യുഎസ് അധികൃതരുടെ അനുമതി ലഭിക്കുന്നതിന് പരീക്ഷണ ഫലങ്ങളും വിവരങ്ങളും കമ്പനി സമര്‍പ്പിക്കാനിരിക്കുകയാണ്. വരും ആഴ്ചകളില്‍ ലോകത്ത് മറ്റു രാജ്യങ്ങളുടെ ബന്ധപ്പെട്ട ഏജന്‍സികളുടേ അനുമതിയും ഫൈസര്‍ തേടും. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് ലോകത്തൊട്ടാകെ കുട്ടികള്‍ വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ആല്‍ബെര്‍ട്ട് ബൗര്‍ല പറഞ്ഞു.