Sorry, you need to enable JavaScript to visit this website.

അനാരോഗ്യം: യു.ഡി.എഫിന് വേണ്ടിയുള്ള  പ്രചാരണം നിര്‍ത്തി സലിം കുമാര്‍

കച്ചി-അനാരോഗ്യം മൂലം യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് നടന്‍ സലിംകുമാര്‍. വയ്യാതായതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം റസ്റ്റ് എടുക്കുകയാണെന്നാണ് സലിംകുമാര്‍ തന്നെ വിളിക്കുന്ന സ്ഥാനാര്‍ത്ഥികളോട് ഇപ്പോള്‍ പറയുന്നത്. 'പത്തു മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനു പോയി. ശാരീരികമായി വയ്യാതായി. ഡോക്ടര്‍ പറഞ്ഞതുകൊണ്ട് റെസ്‌റ്റെടുക്കുകയാണ്. പ്ലീസ് നിങ്ങള്‍ക്കു വേണ്ട വിഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം' എന്നായിരുന്നു പ്രചാരണത്തിനെത്താന്‍ വിളിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളോടായി സലിംകുമാര്‍ പറഞ്ഞത്.
'നീ എവിടെ വേണമെങ്കിലും പൊക്കോളൂ.ദയവായി ഇവിടെ എനിക്കെതിരെ വന്ന് പ്രസംഗിക്കരുത്' എന്ന് അടുത്ത സുഹൃത്തായ ഒരു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഭ്യര്‍ത്ഥിച്ചതായും സലിംകുമാര്‍ പറയുന്നു. ഉറപ്പായും വരില്ലെന്ന് താന്‍ മറുപടി നല്‍കി. എന്നാല്‍ ആ സ്ഥാനാര്‍ത്ഥിയുടെ പേര് താന്‍ വെളിപ്പെടുത്തുന്നില്ലെന്നും സലിംകുമാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താന്‍ തയ്യാറാക്കിയ ഓഡിയോ സന്ദേശം ഫോണിലൂടെ തനിക്ക് തന്നെ ലഭിച്ചതായും സലിംകുമാര്‍ പറയുന്നു. പറവൂര്‍ മണ്ഡലത്തില്‍ വി.ഡി സതീശനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സന്ദേശമാണ് ഫോണിലൂടെ സലിം കുമാറിന് തന്നെ ലഭിച്ചത്.

Latest News