Sorry, you need to enable JavaScript to visit this website.

ഹണിട്രാപ്പുകള്‍ വര്‍ധിച്ചു; പരിചയമില്ലാത്തവരുമായി വീഡിയോ കോള്‍ ഒഴിവാക്കണം

ഭോപ്പാല്‍- അജ്ഞാതരുമായി ഓണ്‍ലൈന്‍ വീഡിയോ ചാറ്റിനു നില്‍ക്കരുതെന്ന് സൈബര്‍ പോലീസിന്റെ നിര്‍ദേശം. ഇത്തരം ചാറ്റുകള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനും പണം തട്ടിയെടുക്കുന്നതിനുമുള്ള  കെണിയാകാമെന്നാണ് മധ്യപ്രദേശിലെ 15 കേസുകള്‍ മുന്നില്‍വെച്ചു കൊണ്ട്  സൈബര്‍ പോലീസ് പറയുന്നത്.
സൈബര്‍ കുറ്റവാളികള്‍ ഹണി ട്രാപ്പിലൂടെ ആളുകളെ ലക്ഷ്യമിടുകയാണ്. ഇതുവരെ സംസ്ഥാനത്ത് 15 ഓളം കേസുകള്‍ സൈബര്‍ പോലീസില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് ശരിയായ കണക്കെല്ലെന്നും  200 ഓളം ആളുകള്‍ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പോലീസ് തന്നെ പറയുന്നു.

അജ്ഞാതരായ ആളുകളുമായി ഒരിക്കലും വീഡിയോ സംഭാഷണത്തില്‍ ഏര്‍പ്പെടരുത്. സംശയം തോന്നിയാല്‍ ഉടന്‍ തന്നെ പ്രൈവസി സെറ്റിംഗ്‌സില്‍ മാറ്റം വരുത്തുകയും പോലീസിനു വിവരം നല്‍കുകയുമാണ് വേണ്ടത്. ഇത്തരം എന്തെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കരുതെന്നും  സൈബര്‍ പോലീസ് ജനങ്ങളെ ഉപദേശിക്കുന്നു.

വീഡിയോ കോളുകളിലൂടെ പുരുഷന്മാരെ തേന്‍ കെണികളിലേക്ക് ആകര്‍ഷിക്കുകയാണെന്നും തുടര്‍ന്ന്  ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുമെന്നും സൈബര്‍ ക്രൈം എ.ഡി.ജിപി യോഗേഷ് ചൗധരി പറഞ്ഞു. ബ്ലാക്ക് മെയിലിംഗിനും പണം തട്ടിയതിനുമെതിരെ നിരവധി പരാതികളാണ് ലഭിച്ചത്.
സാധാരണയായി സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വീഡിയോ കോളുകള്‍ ചെയ്ത് സംഭാഷണത്തില്‍ ഏര്‍പ്പെടുകയാണ് സൈബര്‍ കുറ്റവാളികളുടെ പ്രവര്‍ത്തന രീതി.
ആദ്യം സ്ത്രീ പുരുഷനുമായി സൗഹൃദം സ്ഥാപിക്കുകയും അയാളുടെ നഗ്‌നചിത്രങ്ങളോ വീഡിയോകളോ പങ്കിടാനോ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിനോ പ്രേരിപ്പിക്കും. ചിത്രങ്ങളും വീഡിയോകളും ലഭിച്ചാല്‍ പണം നല്‍കിയില്ലെങ്കില്‍ അവ   സോഷ്യല്‍ മീഡിയയില്‍  വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തും.
സൈബര്‍ കുറ്റവാളികള്‍ സ്വീകരിക്കുന്ന മറ്റൊരു രീതിയാണ് കൂടുതല്‍ അപകടകരമെന്ന് പോലീസ് വിശദീകരിച്ചു.
പുരുഷനോ സ്ത്രീക്കോ  അജ്ഞാത നമ്പറില്‍ നിന്ന് ഒരു വീഡിയോ കോള്‍ ലഭിക്കും. വ്യക്തി വീഡിയോ കോള്‍ എടുക്കുമ്പോള്‍ തന്നെ  അയാളുടെ ഫോട്ടോ വിളിക്കുന്നയാളില്‍ എത്തുന്നു. പിന്നീട് അത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി ദുരുപയോഗം ചെയ്യുന്നു.

 

Latest News