സ്റ്റേഡിയത്തിനു പുറത്തിരുന്ന് ഉള്ളിലെ കളി കാണുക. ടി.വിയിലൂടെയല്ല, നേരിട്ട്. അങ്ങനെയൊരു അനുഭവവും വരുന്ന റഷ്യ ലോകകപ്പിൽ കാണികൾക്കുണ്ടാവും.
യെക്കാത്തരിൻബർഗ് നഗരത്തിലെ ലോകകപ്പ് സ്റ്റേഡിയത്തിലാണ് കൗതുകകരവും, വിസ്മയം ജനിപ്പിക്കുന്നതുമായ ഈയൊരു രീതി. ഗോൾപോസ്റ്റുകൾക്ക് പിന്നിലുള്ള ഭാഗത്തെ തുറസ്സായ സ്ഥലത്ത് നിർമിക്കുന്ന താൽക്കാലിക ഗാലറി ആരുടെയും പുരികം ചുളിപ്പിക്കും. ആശങ്ക സൃഷ്ടിക്കും. താൽക്കാലിക ഗാലറിയിലിരിക്കുന്നവരുടെ സുരക്ഷയാണ് പ്രധാന ആശങ്ക. അവർക്ക് ശരിയായ ഗ്രൗണ്ടിന്റെ ദൃശ്യം കിട്ടുമോ എന്നത് മറ്റൊരു സംശയം.
സുരക്ഷയുടെ കാര്യത്തിൽ ആശങ്കയൊന്നും വേണ്ടെന്ന് നിർമാതാക്കളായ സിനാര ഡെവലപ്മെന്റ് കമ്പനി ഡയറക്ടർ ജനറൽ തൈമൂർ ഉഫിംസ്റ്റേവ് പറയുന്നു. കളി കാണുന്നതിനൊപ്പം പുറത്തെ നഗരക്കാഴ്ചകളും കാണാമെന്ന മറ്റൊരു ഗുണവുമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
ലോകകപ്പിനായി റഷ്യ തയാറാക്കുന്ന 12 സ്റ്റേഡിയങ്ങളിൽ രാജ്യത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്തുള്ളതാണ് 60 വർഷത്തിലേറെ പഴക്കമുള്ള യെക്കാത്തരിൻബർഗ് അരീന. ഗോൾ പോസ്റ്റുകൾക്ക് പിന്നിൽ ഇരിപ്പിടങ്ങളില്ലാതെ സ്റ്റേഡിയത്തിന്റെ വശങ്ങളിൽ മാത്രം ഇരിപ്പിടങ്ങൾ ഉണ്ടായിരുന്ന സ്റ്റേഡിയമാണിത്. ലോകകപ്പിനായി പുതുക്കിപ്പണിത് മേൽക്കൂര നിർമിച്ചെങ്കിലും പുതിയൊരു പ്രശ്നം ഉടലെടുത്തു. സ്റ്റേഡിയത്തിൽ മൊത്തം 23000 ഇരിപ്പിടങ്ങളേ ഉള്ളു. ലോകകപ്പ് വേദികൾക്ക് കുറഞ്ഞത് 30,000 ഇരിപ്പിടങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ഫിഫ ചട്ടം. ഇത് പരിഹരിക്കാൻ സംഘാടകർ കണ്ട മാർഗമാണ് ഗോൾ പോസ്റ്റുകൾക്ക് പിന്നിൽ താൽക്കാലിക ഗാലറി നിർമിക്കുക എന്നത്. ഇതോടെ ഇരിപ്പിട ശേഷി 35000 ആയി ഉയരും. ലോകകപ്പ് കഴിയുമ്പോഴേക്കും താൽക്കാലിക ഗാലറി ഇളക്കി മാറ്റുകയുമാവാം.
പക്ഷെ മറ്റ് ലോകകപ്പ് വേദികളെ അപേക്ഷിച്ച് ഒരു അഭംഗി യെക്കാത്തരിൻബർഗ് അരീനക്ക് ഉണ്ടെന്ന് പറയാതെ വയ്യ. ഗാലറിക്ക് മുകളിലായി പണിത ദീർഘവൃത്താകൃതിയിലുള്ള മേൽക്കൂരക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന താൽക്കാലിക ഗാലറി അഭംഗി തന്നെയാണ്. 138 അടി ഉയരത്തിൽ തട്ടുതട്ടായി നിർമിച്ച താൽക്കാലിക ഗാലറിയിലെ ഏറ്റവും മുകളിലെ നിരയലിരിക്കുന്നവർക്ക് മേൽക്കൂരയുടെ മറവ് കാരണം ഭാഗികമായി മാത്രമേ പിച്ചിന്റെ ദൃശ്യം കിട്ടുകയുള്ളു. താൽക്കാലിക ഗാലറിക്ക് പ്രത്യേകം മേൽക്കൂര ഇല്ലാത്തതിനാൽ ഇവിടെ ഇരിക്കുന്നവർക്ക് മഴയും വെയിലുമെല്ലാം കൊള്ളേണ്ടിയും വരും. ശൂന്യാകാശത്തെ ഗാലറിയെന്നാണ് ഈ നിർമിതിയെ ബ്രിട്ടനിലെ ഗാർഡിയൻ പത്രം പരിഹസിച്ചത്.
റഷ്യയുടെ ലോകകപ്പ് വേദികളിൽ യെക്കാത്തരിൻബർഗ് അരീന ഇടം പിടിച്ചപ്പോൾ തന്നെ പാശ്ചാത്യ ലോകത്ത് പുരികങ്ങൾ ചുളിഞ്ഞിരുന്നു. ഇത്തരമൊരു പഴഞ്ചൻ സ്റ്റേഡിയത്തിൽ ലോകകപ്പ് നടത്താനാവുമോ എന്നതായിരുന്നു ന്യായമായ സംശയം. എന്നാൽ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കണമെന്നുറച്ച ക്രെംലിൻ യെക്കാത്തരിൻബർഗിനെ കൈവിടാൻ ഒരുക്കമായിരുന്നില്ല. സംരക്ഷിത സ്മാരകമായതിനാൽ ഈ സ്റ്റേഡിയം പൂർണമായി പൊളിച്ചുമാറ്റി പുതുതായൊന്ന് നിർമിക്കാനും അവർ തയാറായില്ല. അങ്ങനെ കണ്ടെത്തിയ മാർഗമാണ് ഉള്ള സ്റ്റേഡിയം നവീകരിച്ച് മോടി കൂട്ടുക. ഒപ്പം ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടാനായി താൽക്കാലിക ഗാലറി നിർമിക്കുക എന്നത്. നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാകയാൽ ചുറ്റും വലിയ ഗാലറി നിർമിക്കാൻ സ്ഥലപരിമിതിയുടെ പ്രശ്നവുമുണ്ടായിരുന്നു.
സാർ ചക്രവർത്തിമാരുടെ കാലം മുതലേ റഷ്യയിലെ സുപ്രധാന ഖനന നഗരമാണ് 15 ലക്ഷം ജനസംഖ്യയുള്ള യെക്കാത്തരിൻബർഗ്. മുൻ പ്രസിഡന്റ് ബോറിസ് യെൽസിൻ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ നഗരം. ലോകകപ്പോടെ ഈ നഗരവും ഇവിടത്തെ സ്റ്റേഡിയവുമെല്ലാം കൂടുതൽ ലോക ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് റഷ്യ. ലോകകപ്പിനായി ദശലക്ഷക്കണക്കിന് റൂബിൾ മുടക്കി അതി ഗംഭീരങ്ങളായ സ്റ്റേഡിയങ്ങൾ റഷ്യ നിർമിച്ചിട്ടുണ്ടെങ്കിലും അവയിൽ ഏറ്റവും വാർത്താ പ്രാധാന്യം കിട്ടിയത് യെക്കാത്തരിൻബർഗ് അരീനക്കാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ജൂൺ 15ന് ഈജിപ്തും ഉറുഗ്വായും തമ്മലുള്ള ഗ്രൂപ്പ് എ മത്സരമാണ് ആദ്യം. 21ന് ഫ്രാൻസ് --പെറു, 24ന് ജപ്പാൻ -സെനഗൾ, 27ന് മെക്സിക്കോ -സ്വീഡൻ എന്നിവയാണ് മറ്റ് മത്സരങ്ങൾ.