റായിപുര്‍-മദ്യലഹരിയിലായ അമ്മ മുലയൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഛത്തീസ്ഗഡിലെ ധംതാരിയിലാണ് സംഭവം. മദ്യത്തിനും മയക്കുമരുന്നിനും യുവതി അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ച യുവതി കുഞ്ഞിനെ മുലയൂട്ടാന്‍ മറന്നു പോകുകയായിരുന്നു.
രാവിലെ ഉറക്കമുണര്‍ന്ന യുവതി വീണ്ടും മദ്യപിച്ചു. കുഞ്ഞ് മരിച്ചതുപോലും അവര്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതെ വന്നതോടെ അയല്‍ക്കാര്‍ അന്വേഷിച്ചു വന്നപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്. രാത്രിയില്‍ കുഞ്ഞ് കരയുന്നത് കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുഞ്ഞ് പട്ടിണി മൂലമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
രാജ്മിത് കൗര്‍ഹാര്‍മീത് ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. അടുത്തിടെയാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. രാജ്മിത് പകല്‍ സമയങ്ങളില്‍ പോലും മദ്യപിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവ ദിവസം മോട്ടോര്‍ മെക്കാനിക്കായ ഹാര്‍മീത് വീട്ടില്‍ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ രാജ്മിത് മദ്യലഹരിയിലായിരുന്നു. മദ്യലഹരിയിലായതിനാല്‍ രാജ്മിതിന് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് രാത്രി മുഴുവന്‍ കരഞ്ഞതായി പോലീസ് പറഞ്ഞു. രാവിലെ ഉറക്കമുണര്‍ന്ന അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. വീണ്ടും മദ്യപിച്ച ശേഷം അവര്‍ ഉറങ്ങുകയായിരുന്നു. അയല്‍ക്കാര്‍ വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.