Sorry, you need to enable JavaScript to visit this website.

കോവിഡ് കൊണ്ടുപോയ തൊഴിലുകൾ തിരികെ പിടിക്കാൻ സഹായിച്ച് യുഎൻ

ബെംഗളൂരു - കോവിഡനന്തര തൊഴിൽനഷ്ട പ്രതിസന്ധിയെ നേരിടാൻ 'ഐക്യരാഷ്ട്രസഭാ വികസന പരിപാടി' (യുനൈറ്റഡ് നാഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം - യുഎൻഡിപി) നടത്തിവരുന്ന ശ്രമങ്ങൾ വിജയം കാണുന്നതായി റിപ്പോർട്ട്. ബെംഗളൂരുവിലും മൈസൂരുവിലുമായി 1468 പേരാണ് യുഎൻഡിപിയുടെ ശ്രമങ്ങളുടെ ഫലമായി തൊഴിൽ നേടിയത്. ഇ കൊമേഴ്സ്, ലോജിസ്റ്റിക്സ്, ഉൽപാദനം, ടെലികോം, ചില്ലറ വിൽപ്പന തുടങ്ങിയ മേഖലകളിലാണ് യുഎൻഡിപിയുടെ ഇടപെടലിലൂടെ ഇത്രയുമാളുകൾക്ക് ജോലി ലഭിച്ചത്. മാസം 25,000 രൂപ വരെ ശമ്പളം കിട്ടുന്നവർ ഇങ്ങനെ ജോലി നേടിയവരിലുണ്ട്. 

ഐക്യരാഷ്ട്രസഭയുടെ വീണ്ടെടുക്കൽ പദ്ധതികളുടെ ഭാഗമായ ഈ ശ്രമങ്ങളിലൂടെ മാർച്ച് 31നു മുമ്പായി 2500 യുവാക്കളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധ രംഗങ്ങളിലെ സംഘടനകളുമായി യുഎൻഡിപി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. കർണാടകത്തിൽ, കർണാടക സ്മാൾ സ്കേൽ ഇൻഡസ്ട്രീസ് അസോസിയേഷനുമായും പീന്യ ഇൻഡസ്ട്രീസ് അസോസിയേഷനുമായും മൈസൂർ ഇൻഡസ്ട്രീസ് അസോസിയേഷനുമായും യുഎൻഡിപിക്ക് സഖ്യമുണ്ട്. ഈ സംരംഭത്തിൽ യുഎൻഡിപിയുടെ പങ്കാളി മാജിക് ബസ് ഇന്ത്യ ഫൌണ്ടേഷനാണ്. 

അസംഘടിത മേഖലകളിലെ തൊഴിലാളികളാണ് കോവിഡ് തൊഴിൽ നഷ്ടങ്ങളുടെ കെടുതി ഏറെ അനുഭവിച്ചത്. മിക്കയാളുകളും കാര്യമായ സമ്പാാദവും മറ്റ് സുരക്ഷിതത്വങ്ങളുമില്ലാത്തവരായിരുന്നു. ഇവർ കോവിഡ് കാലം ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോയത്. മഹാമാരി മൂലമുള്ള തൊഴിലില്ലായ്മ അത്രയെളുപ്പത്തിലൊന്നും അവസാനിക്കില്ലെന്നാണ് യുഎൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് സോഷ്യൽ അഫയേഴ്സ് പറയുന്നത്. നേരത്തെ തന്നെ സാമ്പത്തിക മാന്ദ്യം നിലനിൽക്കുകയും വൻ തൊഴിലില്ലായ്മ അനുഭവിക്കുകയും ചെയ്തുപോന്നിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ സ്വാഭാവികമായും സ്ഥിതി രൂക്ഷമായിത്തീരും.

Latest News