ചണ്ഡിഗഡ്-പഞ്ചാബില്‍ ബി.ജെ.പി എംഎല്‍എക്ക് നേരെ കര്‍ഷകരുടെ രോഷപ്രകടനം. അബോഹര്‍ എംഎല്‍എയായ അരുണ്‍ നാരംഗിന് നേരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷക സമരത്തില്‍ പങ്കാളികളായ ഒരു കൂട്ടം കര്‍ഷകര്‍ ചേര്‍ന്ന് അരുണ്‍ നാരംഗിനെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. മുക്തസറിലെ മലൗട്ടില്‍ പ്രാദേശിക നേതാക്കളോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബി.ജെ.പി എംഎല്‍എ. ഇതിനിടയിലായിരുന്നു ഒരു കൂട്ടം കര്‍ഷകര്‍ ഇദ്ദേഹത്തെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. ബി.ജെ.പി നേതാക്കളുടെ വാഹനങ്ങള്‍ക്കു നേരെ കറുത്ത മഷിക്കുപ്പികളെറിഞ്ഞും കര്‍ഷകര്‍ പ്രതിഷേധിച്ചു. സംഘര്‍ഷ സ്ഥലത്തു നിന്നും ഏറെ പ്രയാസപ്പെട്ടാണ് പോലീസ് എംഎല്‍എയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.വാര്‍ത്താസമ്മേളനം നടത്താന്‍ ബി.ജെ.പി നേതാക്കളെ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുന്നതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജസ്പാല്‍ സിംഗ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലടക്കം വലിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.